Asianet News MalayalamAsianet News Malayalam

'അദ്ദേഹത്തെ അനുകരിക്കാന്‍ ഞാന്‍ പലവട്ടം ശ്രമിച്ചിട്ടുണ്ട്, പക്ഷെ തോല്‍വിയായിരുന്നു ഫലം': സഞ്ജു സാംസണ്‍

എം എസ് ധോണിക്ക് കീഴില്‍ ഇന്ത്യക്കായി കളിക്കുന്നതും അദ്ദേഹം സെറ്റ് ചെയ്യുന്ന ഫീല്‍ഡിന് അനുസരിച്ച് ഞാന്‍ ഫീല്‍ഡ‍് ചെയ്യുന്നതും ഞാന്‍ മുമ്പ് സ്വപ്നം കണ്ടിട്ടുണ്ട്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലെത്തിയെങ്കിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാത്തതിനാല്‍ ധോണിക്ക് കീഴില്‍ കളിക്കുക എന്നത് സ്വപ്നമായി തുടര്‍ന്നു.

I tried to copy him many times but failed, says Sanju Samson
Author
Thiruvananthapuram, First Published May 4, 2020, 8:44 PM IST

തിരുവനന്തപുരം: ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയെ അനുകരിക്കാന്‍ താന്‍ പലവട്ടം ശ്രമിച്ചിട്ടുണ്ടെങ്കിലും തോല്‍വിയായിരുന്നു ഫലമെന്ന് മലയാളി താരം സഞ്ജു സാംസണ്‍. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.

ജാര്‍ഖണ്ഡ് പോലെയുള്ള ഒരു ചെറിയ സംസ്ഥാനത്തുനിന്നും ഇന്ത്യന്‍ ടീമിലെത്തി ധോണി കൈവരിച്ച നേട്ടങ്ങള്‍ അനുപമമാണ്. അദ്ദേഹത്തെപ്പോലെയാവാന്‍ മറ്റാര്‍ക്കുമാവില്ല. ഗ്രൗണ്ടില്‍ പലവട്ടം ഞാന്‍ അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ തോല്‍വിയായിരുന്നു ഫലം. ധോണിയെപ്പോലെ ധോണി മാത്രമെയുള്ളു. അദ്ദേഹത്തിന്റെ വിസ്മയ പ്രകടനങ്ങള്‍ കണ്ട് കൈയടിക്കാന്‍ മാത്രമെ നമുക്ക് കഴിയൂ. ഒരിക്കലും അനുകരിക്കാനാവില്ല. ധോണിയെക്കുറിച്ച് പറയുമ്പോള്‍ എപ്പോഴും ഞാനല്‍പ്പം വികാരധീനനാവാറുണ്ട്.

എം എസ് ധോണിക്ക് കീഴില്‍ ഇന്ത്യക്കായി കളിക്കുന്നതും അദ്ദേഹം സെറ്റ് ചെയ്യുന്ന ഫീല്‍ഡിന് അനുസരിച്ച് ഞാന്‍ ഫീല്‍ഡ‍് ചെയ്യുന്നതും ഞാന്‍ മുമ്പ് സ്വപ്നം കണ്ടിട്ടുണ്ട്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലെത്തിയെങ്കിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാത്തതിനാല്‍ ധോണിക്ക് കീഴില്‍ കളിക്കുക എന്നത് സ്വപ്നമായി തുടര്‍ന്നു. അന്നെനിക്ക് 19 വയസായിരുന്നു പ്രായം. പിന്നീട് അഞ്ച് വര്‍ഷം ഇന്ത്യക്കായി കളിക്കാന്‍ എനിക്കായില്ല.

പിന്നീട് ധോണി ഇന്ത്യയുടെ നായകസ്ഥാനം ഒഴിഞ്ഞു. ഇതോടെ ഇനി ഒരിക്കലും എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാവില്ലെന്നും സ്വപ്നം സ്വപ്നമായിതന്നെ അവശേഷിക്കുമെന്നും ഞാന്‍ കരുതി. അങ്ങനെയിരിക്കെയാണ്  2017ല്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ഇലവനെതിരായ പരിശീലന മത്സരത്തില്‍ ഇന്ത്യ എയെ നയിക്കാന്‍ ധോണി നായകനായി എത്തിയത്. ഇന്ത്യ എ ടീമില്‍ ഞാനുമണ്ടായിരുന്നു.

വിക്കറ്റിന് പിന്നില്‍ നിന്ന ധോണിയുടെ സമീപത്തായി സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഞാന്‍. അപ്പോഴാണ് ധോണി എന്റെ പേര് വിളിച്ച് സഞ്ജു..നീ അവിടെ പോ എന്ന് എന്നോട് പറഞ്ഞത്. എന്റെ സ്വപ്നത്തില്‍ ഞാന്‍ കണ്ട അതേ വാക്കുകള്‍-സഞ്ജു പറഞ്ഞു. എന്നാല്‍ ഈ സ്വപ്നത്തിന്റെ കാര്യം ഒരിക്കലും ധോണിയോട് പറയാന്‍ എനിക്കായിട്ടില്ല. പലവട്ടം പറയണമെന്ന് കരുതി. പക്ഷെ കഴിഞ്ഞില്ല. അത് പറയുമ്പോള്‍ ധോണിയുടെ മുഖത്തൊരു പുഞ്ചിരി വിരിയുമെന്ന് എനിക്കറിയാം. എന്തായാലും അത് പറയാനൊരു അവസരത്തിനായി കാത്തിരിക്കുകയാണെന്നും സഞ്ജു പറഞ്ഞു.

Follow Us:
Download App:
  • android
  • ios