ഭാവിയിൽ റുതുരാജ് ടീമിന്‍റെ നായകനാകുമോ എന്നായിരുന്നു സഞ്ജുവിന്‍റെ പ്രധാന ചോദ്യം. എന്നാൽ ക്യാപ്റ്റൻസിയെക്കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്നും ടീമിലെ അന്തരീക്ഷമാണ് തനിക്ക് പ്രധാനമെന്നും റുതുരാജ് മറുപടി നൽകി.

ചെന്നൈ: രാജസ്ഥാൻ റോയൽസിൽ നിന്ന് 18 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്‌സിലെത്തിയ മലയാളി താരം സഞ്ജു സാംസണെക്കുറിച്ച് കൗതുകകരമായ വെളിപ്പെടുത്തലുമായി നായകൻ റുതുരാജ് ഗെയ്‌ക്‌വാദ്. സഞ്ജുവിന് കാലങ്ങളായി സിഎസ്‌കെയുടെ ഭാഗമാകാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും, തന്‍റെ ക്യാപ്റ്റൻസിയിൽ കളിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നും ഗെയ്‌ക്‌വാദ് സിഎസ്‌കെ പോഡ്‌കാസ്റ്റിൽ അഭിനവ് മുകുന്ദുമായി സംസാരിക്കവെ വെളിപ്പെടുത്തി.

Add Asianetnews as a Preferred SourcegooglePreferred

മൂന്ന് വർഷം മുൻപ് ഇംഗ്ലണ്ടിൽ വെച്ച് നടന്ന ഒരു കൂടിക്കാഴ്ചയിലാണ് സഞ്ജു തന്‍റെ ആഗ്രഹം പങ്കുവെച്ചതെന്ന് റുതുരാജ് പറഞ്ഞു. അന്ന് എം.എസ്. ധോണിയായിരുന്നു ടീമിനെ നയിച്ചിരുന്നത്. മഹി ഭായിക്ക് സുഖമാണോ എന്ന് ചോദിച്ച സഞ്ജു സിഎസ്‌കെയിലെ സാഹചര്യം എങ്ങനെയുണ്ട്, അവിടുത്തെ രീതികൾ എങ്ങനെയാണ് എന്നൊക്കെ എന്നോട് ചോദിക്കാറുണ്ടായിരുന്നു. നീ ഒരു ദക്ഷിണേന്ത്യക്കാരനായതുകൊണ്ട് ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും ചെന്നൈയിലേക്ക് വരണമെന്നും ഞാൻ അവനോട് പറഞ്ഞു-റുതുരാജ് ഓർത്തെടുത്തു.

ഭാവിയിൽ റുതുരാജ് ടീമിന്‍റെ നായകനാകുമോ എന്നായിരുന്നു സഞ്ജുവിന്‍റെ പ്രധാന ചോദ്യം. എന്നാൽ ക്യാപ്റ്റൻസിയെക്കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്നും ടീമിലെ അന്തരീക്ഷമാണ് തനിക്ക് പ്രധാനമെന്നും റുതുരാജ് മറുപടി നൽകി. അന്ന് സഞ്ജു എന്നോട് പറഞ്ഞത് എനിക്കും അവിടുത്തെ ക്യാപ്റ്റനാകാനല്ല താൽപര്യം. നിന്‍റെ കീഴിൽ ഒരു കളിക്കാരനായി ഇറങ്ങാനാണ് ഇഷ്ടമെന്നായിരുന്നു. അത് നിന്‍റെ ടീമാണ്, നിന്‍റെ ഫ്രാഞ്ചൈസിയാണ്. ഒരു അവസരം ലഭിച്ചാൽ തീർച്ചയായും ഞാൻ വരുമെന്നും സഞ്ജു പറ‍ഞ്ഞതായി റുതുരാജ് പറഞ്ഞു.

ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷമാണ് സഞ്ജു ചെന്നൈ ടീമിനായി കളിക്കാനിറങ്ങുന്നത്. ലോകകപ്പിലെ 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' പുരസ്‌കാരം നേടിയ സഞ്ജു, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നിവർക്കെതിരെ തുടർച്ചയായി മൂന്ന് അർദ്ധസെഞ്ചുറികൾ നേടി റൺവേട്ടയിൽ മൂന്നാമതെത്തിയിരുന്നു.

Scroll to load tweet…

കഴിഞ്ഞ സീസണിൽ പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്തായിപ്പോയ ചെന്നൈയ്ക്ക് ഇത്തവണത്തെ ഐപിഎൽ അഭിമാനപ്പോരാട്ടമാണ്. പരിക്കിനെത്തുടർന്ന് കഴിഞ്ഞ തവണ പകുതിക്ക് വെച്ച് മടങ്ങേണ്ടി വന്ന റുതുരാജിനും ഈ സീസൺ നിർണ്ണായകമാണ്. മാർച്ച് 30 തിങ്കളാഴ്ച ഗുവാഹത്തിയിൽ സഞ്ജുവിന്‍റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക