ഇന്ത്യൻ ടോപ് 3 പരാജയപ്പെട്ടതിനെക്കുറിച്ചും ഹാര്‍ദ്ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാത്തതിനെക്കുറിച്ചും സൂര്യകുമാര്‍ യാദവ്
ദില്ലി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 86 റണ്‍സിന്‍റെ ആധികാരിക ജയവുമായി ഇന്ത്യ പരമ്പര നേടിയശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞ വാക്കുകള്‍ ആരാധകരെ അമ്പരപ്പിച്ചു. പവര്‍ പ്ലേയില്‍ തന്നെ ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും സൂര്യകുമാറും മടങ്ങിയതോടെ ഇന്ത്യ ആറോവറില്‍ 45-3ലേക്ക് ചുരുങ്ങിയിരുന്നു. എന്നാല്‍ നാലാനമനായി ഇറങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡിയും സ്ഥാനക്കയറ്റം കിട്ടി അഞ്ചാം നമ്പറില്‍ ഇറങ്ങിയ റിങ്കു സിംഗും സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി തകര്‍ത്തടിച്ചതോടെയാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയത്.
എന്നാല്‍ മുന്‍നിര തകര്‍ന്നടിഞ്ഞെങ്കിലും ഇത്തരമൊരു സാഹചര്യത്തില്‍ എങ്ങനെയാണ് മധ്യനിര കളിക്കുക എന്ന് അറിയാന്‍ ഇങ്ങനെയൊരു സാഹചര്യം ആവശ്യമായിരുന്നുവെന്ന് മത്സരശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ 5,6,7 സ്ഥാനത്ത് വരുന്നവര്‍ എങ്ങനെ കളിക്കുന്നു എന്നറിയാന്‍ ഈ സാഹചര്യം കൊണ്ട് കഴിഞ്ഞു. റിങ്കുവിന്‍റെയും നിതീഷിന്‍റെയും പ്രകടനത്തില്‍ സന്തോഷമുണ്ട്. ഞാനാഗ്രഹിച്ചപോലെയാണ് അവര്‍ ബാറ്റ് ചെയ്തത്. ക്രീസിലിറങ്ങിയാല്‍ കഴിവിന്‍റെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കു. ജേഴ്സി കളര്‍ മാത്രമെ മാറുന്നുള്ളു. ബാക്കിയെല്ലാം ഒരുപോലെയാണ്. അതുപോലെ വ്യത്യസ്ത സാഹചര്യങ്ങളില്‍ ഓരോ ബൗളര്‍മാരും എങ്ങനെ പന്തെറിയുന്നു എന്നും നോക്കണം.
ടീം പ്രതിസന്ധിയിലായിരിക്കുമ്പോള്‍ അവരെക്കൊണ്ട് എന്ത് ചെയ്യാനാവുമെന്ന് നോക്കണം. അതുകൊണ്ടാണ് അഭിഷേക് ശര്‍മയെയും നിതീഷ് കുമാറിനെയും റിയാന്‍ പരാഗിനെയും കൊണ്ടെല്ലാം പന്തെറിയിച്ചതും, ഹാര്‍ദ്ദിക്കിനെക്കൊണ്ട് ബൗള്‍ ചെയ്യിക്കാതിരുന്നതും. ചിലപ്പോള്‍ ഹാര്‍ദ്ദിക് പന്തെറിയില്ല, ചലപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ പന്തെറിയില്ല. അങ്ങനെ ചെയ്താലെ മറ്റുള്ളവര്‍ക്ക് എന്ത് ചെയ്യാനാകുമെന്ന് മനസിലാവു. ബൗളര്‍മാരുടെ പ്രകടനത്തിലും ഞാന്‍ സന്തുഷ്ടനാണ്. ഇന്ന് നിതീഷ് കുമാറിന്‍റെ ദിവസമായിരുന്നു. അതവന്‍ പരമാവധി മുതലെടുത്തുവെന്നും സൂര്യകുമാര്‍ പറഞ്ഞു. മത്സരത്തില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരോവര്‍ മാത്രമെറിഞ്ഞപ്പോള്‍ ഹാര്‍ദ്ദിക് പന്തെറിഞ്ഞിരുന്നില്ല.
