പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്‌മിത്തും വാര്‍ണറും വിലക്കിലായ ശേഷം നിരവധി താരങ്ങളെയാണ് ഓസ്‌ട്രേലിയ പരീക്ഷിച്ചത്. 

ദില്ലി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ടോപ് സ്‌കോററായിരുന്നു ഓസീസ് താരം ഉസ്‌മാന്‍ ഖവാജ. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 383 റണ്‍സ് താരം അടിച്ചുകൂട്ടി. ഏകദിന ലോകകപ്പില്‍ തനിക്കിടം വേണമെന്ന് ശക്തമായി വാദിക്കുകയായിരുന്നു ഈ പ്രകടനത്തിലൂടെ ഖവാജ. എന്നാല്‍ ഡേവിഡ് വാര്‍ണര്‍ ടീമില്‍ തിരിച്ചെത്തിയാല്‍ ലോകകപ്പില്‍ ഖവാജയുടെ സ്ഥാനം എന്താകുമെന്ന ആകാംക്ഷ ഏവര്‍ക്കുമുണ്ട്. 

ഇതിഹാസ നായകന്‍ റിക്കി പോണ്ടിംഗ് പറയുന്നത് ഖവാജയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താമെന്നാണ്. 'ഉസ്‌മാന്‍ ഖവാജ ലോകകപ്പ് സ്‌ക്വാഡില്‍ ഇല്ലെങ്കില്‍ അത് അത്ഭുതമായിരിക്കും. വാര്‍ണറും ഖവാജയും ഒരു സ്‌ക്വാഡില്‍ വരുന്നതുകൊണ്ട് കുഴപ്പമില്ല. ചിലപ്പോള്‍ ഒരേ ഇലവനില്‍ കളിക്കണമെന്നുമില്ല.വാര്‍ണര്‍ തിരിച്ചെത്തിയാല്‍ മൂന്നാം നമ്പറില്‍ വേണമെങ്കില്‍ ഖവാജയെ കളിപ്പിക്കാവുന്നതാണ്. മുന്‍ നായകനും മൂന്നാം നമ്പര്‍ താരവുമായിരുന്ന സ്റ്റീവ് സ്‌മിത്തിന് മധ്യനിര കരുത്തുറ്റതാക്കാന്‍ നാലാമതോ അഞ്ചാമതോ ഇറങ്ങാമെന്നും' റിക്കി പോണ്ടിംഗ് പറഞ്ഞു. 

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്‌മിത്തും വാര്‍ണറും വിലക്കിലായ ശേഷം നിരവധി താരങ്ങളെയാണ് ഓസ്‌ട്രേലിയ പരീക്ഷിച്ചത്. അതിനാല്‍ ലോകകപ്പ് ടീമില്‍ ഇടംപിടിക്കേണ്ട 20 താരങ്ങളെങ്കിലുമുണ്ട്. ഇവരില്‍ നിന്ന് അവസാന 15 പേരെ കണ്ടെത്തുക പ്രയാസമായിരിക്കും എന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു. ദില്ലിയില്‍ ഐപിഎല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഒരു പരിപാടിക്കിടെയായിരുന്നു മുന്‍ ലോകകപ്പ് നായകന്‍റെ പ്രതികരണം.