സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റിനുശേഷം ക്യാപ്റ്റന്‍ വിരാട് കോലി പിതൃത്വ അവധിയെടുത്ത് ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍ അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളില്‍ നയിക്കുന്നത്. കോലിക്ക് പകരം രഹാനെ എത്തുമ്പോള്‍ ഇന്ത്യയുടെ ആക്രമണോത്സുക സമീപനം മാറുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. എന്നാല്‍ കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കേണ്ട രഹാനെക്ക് പ്രശംസയുമായി എത്തിയിരിക്കുകയാണ് ഓസീസ് ഇതിഹാസം ഇയാന്‍ ചാപ്പല്‍.

കോലിയുടെ അഭാവം ഇന്ത്യക്ക് വലിയ നഷ്ടമാണെങ്കിലും രഹാനെ മികച്ച നായകനാണെന്ന് ചാപ്പല്‍ പിടിഐയോട് പറഞ്ഞു.  2017ലെ ഓസീസിന്‍റെ ഇന്ത്യന്‍ പര്യടനത്തില്‍ കോലിയുടെ അഭാവത്തില്‍ രഹാനെ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഓസിസനെതിരായ ധര്‍മശാല ടെസ്റ്റില്‍ ജയിച്ച് രഹാനെ ഇന്ത്യക്ക് പരമ്പര സമ്മാനിക്കുകയും ചെയ്തിരുന്നു.

2017ലെ ധര്‍മശാല ടെസ്റ്റില്‍ രഹാനെ ഇന്ത്യയെ നയിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മനോഹരമായാണ് അദ്ദേഹം ഇന്ത്യയെ നയിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ തികച്ചു അക്രമണോത്സുകനായ നായകനാണ് രഹാനെ. ധര്‍മശാല ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍മാരെ വാര്‍ണര്‍ അടിച്ചുപറത്തിയപ്പോള്‍  കുല്‍ദീപ് യാദവിനെക്കൊണ്ടുവന്ന് വാര്‍ണറെ വീഴ്ത്തിയ രഹാനെയുടെ തീരുമാനം എന്നില്‍ മതിപ്പുളവാക്കിയിരുന്നു. അതുപോലെ രണ്ടാം ഇന്നിംഗ്സില്‍ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായി പതറിയപ്പോള്‍ ക്രീസിലെത്തിയ രഹാനെ ആക്രമണ ബാറ്റിംഗ് പുറത്തെടുത്ത്(27 പന്തില്‍ 38) ഇന്ത്യയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റി.

ക്യാപ്റ്റനനെന്ന നിലയില്‍ ഒരാള്‍ക്ക് രണ്ട് തരം സമീപനങ്ങളെടുക്കാം. ഒന്ന് പരമ്പരാഗത ശൈലിയും രണ്ട് ആക്രമണോത്സുക ശൈലിയും. രഹാനെ എന്നെ സംബന്ധിച്ചിടത്തോളം ആക്രമണോത്സുകശൈലി സ്വീകരിക്കുന്ന നായകനാണ്. ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയക്ക് നേരിയ മുന്‍തൂക്കമുണ്ടെങ്കിലും ആദ്യ ടെസ്റ്റിന് ഡേവിഡ് വാര്‍ണര്‍ ഇല്ലാത്തത് വലിയ തിരിച്ചടിയാണ്. വാര്‍ണര്‍ കളിക്കാതിരിക്കുകയും ജോണ്‍ ബേണ്‍സ് മികച്ച ഫോമിലല്ലാതിരിക്കുകയും ലൂക്ക് പുക്കോവ്സ്കി പരിക്കേറ്റ് മടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ജോണ്‍ ബേണ്‍സും മാര്‍ക്കസ് ഹാരിസും തന്നെയാകും ഓസീസിനായി ഓപ്പണ്‍ ചെയ്യേണ്ടിവരിക.

തുടക്കം പിഴച്ചാല്‍ പിന്നെ എല്ലാം പിഴക്കും. വാര്‍ണറുടെ അഭാവത്തില്‍ സ്റ്റീവ് സ്മിത്തിന്‍റെയും മാര്‍നസ് ലാബുഷെയ്നിന്‍റെയും ഉത്തരവാദിത്തം കൂടും. സ്മിത്തിനെ പുറത്താക്കാനുള്ള വഴി ഇന്ത്യ കണ്ടെത്തിയില്ലെങ്കില്‍ അവര്‍ ഈ പരമ്പരയില്‍ കഷ്ടപ്പെടുമെന്നും ഇയാന്‍ ചാപ്പല്‍ പറഞ്ഞു.