Asianet News MalayalamAsianet News Malayalam

2022ലെ ഐസിസി ടി20 ടീമിനെ പ്രഖ്യാപിച്ചു; 3 ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍, ഓസീസ്, വിന്‍ഡീസ് താരങ്ങള്‍ ടീമിലില്ല

ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ടീമില്‍ നിന്ന് രണ്ട് കളിക്കാര്‍ മാത്രമാണ് ഐസിസി ഇലവനിലുള്ളത്. ഇന്ത്യയില്‍ നിന്ന് മൂന്ന് പാക്കിസ്ഥാനില്‍ നിന്ന് രണ്ട്, ശ്രീലങ്ക, സിംബാബ്‌വെ, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ് ടീമുകളില്‍ നിന്ന് ഓരോരുത്തര്‍ വീതവും ടീമിലെത്തി.

ICC announced Men's T20I Team of the Year 2022
Author
First Published Jan 23, 2023, 3:23 PM IST

ദുബായ്: കഴിഞ്ഞ വര്‍ഷത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ 2022ലെ ഏറ്റവും മികച്ച ടി20 ഇലവനെ തെരഞ്ഞെടുത്ത് ഐസിസി. ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ നായകനാകുന്ന ഐസിസി ടി20 ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടിയപ്പോള്‍ പാക്കിസ്ഥാനില്‍ നിന്ന് രണ്ട് താരങ്ങള്‍ ടീമിലെത്തി. ഓസ്ട്രേലിയയില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും ഒറ്റ താരം പോലും ഐസിസി ടീമില്‍ ഇടം നേടിയില്ലെന്നതും ശ്രദ്ധേയമായി.

ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ടീമില്‍ നിന്ന് രണ്ട് കളിക്കാര്‍ മാത്രമാണ് ഐസിസി ഇലവനിലുള്ളത്. ഇന്ത്യയില്‍ നിന്ന് മൂന്ന് പാക്കിസ്ഥാനില്‍ നിന്ന് രണ്ട്, ശ്രീലങ്ക, സിംബാബ്‌വെ, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ് ടീമുകളില്‍ നിന്ന് ഓരോരുത്തര്‍ വീതവും ടീമിലെത്തി.

ഇംഗ്ലണ്ടിന് ടി20 ലോകകപ്പ് സമ്മാനിച്ച ബട്‌ലറാണ് ടീമിന്‍റെ നായകനും ഓപ്പണറും വിക്കറ്റ് കീപ്പറും. പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനാണ് ബട്‌ലറുടെ സഹ ഓപ്പണര്‍. ബാറ്റിംഗ് നിരയില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളാണ്. മൂന്നാം നമ്പറില്‍ വിരാട് കോലിയും നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും. ന്യൂസിലന്‍ഡിന്‍റെ ഗ്ലെന്‍ ഫിലിപ്സ്, സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിരയില്‍ ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യയും ഇംഗ്ലണ്ടിന്‍റെ സാം കറനുമാണ് പേസ് ഓള്‍ റൗണ്ടര്‍മാര്‍.

ബൗളിംഗ് നിരയില്‍ അഴിച്ചുപണി, പകരക്കാര്‍ ആരൊക്കെ; കിവീസിനെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക സ്പിന്‍ ഓള്‍ റൗണ്ടറാവുമ്പോള്‍ പാക്കിസ്ഥാന്‍റെ ഹാരിസ് റൗഫും അയര്‍ലന്‍ഡ് പേസര്‍ ജോഷ് ലിറ്റിലും ടീമില്‍ ഇടം നേടി. റിസ്‌വാനൊപ്പം കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് അവസാന 11ല്‍ ഇടം നേടാനായില്ല.

കഴിഞ്ഞ വര്‍ഷം ബട്‌ലര്‍ 15 മത്സരങ്ങളില്‍ നിന്ന് 160.41 പ്രഹരശേഷിയില്‍ 462 റണ്‍സടിച്ചു. മുഹമ്മദ് റിസ്‌വാനാകാട്ടെ കഴിഞ്ഞ‌വര്‍ഷം 992 റണ്‍സടിച്ച് റണ്‍വേട്ടയില്‍ രണ്ടാമതെത്തിയപ്പോള്‍ വിരാട് കോലി 276 റണ്‍സുമായി ടി20 ലോകകപ്പിലെ ടോപ് സ്കോററായി. കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്ററാണ് 187.43 പ്രഹരശേഷിയില്‍ 1164 റണ്‍സടിച്ച സൂര്യകുമാര്‍.

ഗ്ലെന്‍ ഫിലിപ്സാകട്ടെ 21 മത്സരങ്ങളില്‍ 156.33 പ്രഹരശേഷിയില്‍ 716 റണ്‍സടിച്ചാണ് ഐസിസി ടീമിലെത്തിയത്. സിംബാബ്‌വെക്കായി ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ സിക്കന്ദര്‍ റാസ 735 റണ്‍സും 25 വിക്കറ്റും നേടി. കഴിഞ്ഞ വര്‍ഷം 607 റണ്‍സും 20 വിക്കറ്റും നേടിയാണ് ഹാര്‍ദ്ദിക് പാണ്ഡ്യ ബാറ്റിംഗ് ഓള്‍ റൗണ്ടറായി ടീമിലെത്തിയത്.

ലോകകപ്പിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ട കളിക്കാരനായിരുന്നു സാം കറന്‍. ലോകകപ്പില്‍ 15 വിക്കറ്റുമായിവിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയതാണ് വാനിന്ദു ഹസരങ്കക്ക് ടീമിലിടം നല്‍കിയത്. ഏഷ്യാ കപ്പിലും ലോകകപ്പിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് ഹാരിസ് റൗഫിന് ടീമിലിടം നല്‍കിയതെങ്കില്‍ കഴിഞ്ഞ വര്‍ഷം 39 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ രണ്ടാമതെത്തിയ ബൗളറാണ് ജോഷ് ലിറ്റില്‍.

Follow Us:
Download App:
  • android
  • ios