ദുബായ്: ഐസിസിയുടെ പതിറ്റാണ്ടിലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള ഗാര്‍ഫീല്‍ഡ് സോബേഴ്സ് ട്രോഫി ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക്. ഇന്ത്യയുടെ ആര്‍ അശ്വിന്‍, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര, ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്സ്, ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ എന്നിവരെ മറികടന്നാണ് കോലിയുടെ നേട്ടം. 

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും പുലര്‍ത്തുന്ന സ്ഥിരതയാണ് കോലിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കഴിഞ്ഞ ദശാബ്ദത്തില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 20,396 റണ്‍സാണ് കോലി നേടിയത്. ഇതില്‍ 66 സെഞ്ചുറിയും 94 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. 70ല്‍ കൂടുതല്‍ ഇന്നിങ്‌സുകളിലായി 56.97-ാണ് കോലിയുടെ ശരാശരി. 2011ല്‍ ലോകകപ്പ് കിരീടത്തില്‍ പങ്കാളിയാവാനും കോലിക്കായി ഇതെല്ലാം പരിഗണിച്ചാണ് കോലിയെ ദശാബ്ദത്തിന്റെ താരമായി തിരഞ്ഞെടുത്തത്. 

ഐസിസിയുടെ ദശാബ്ദത്തില്‍ ഏകദിന താരവും കോലിയായിരുന്നു. ഏകദിനത്തില്‍ മാത്രം 10,000ത്തില്‍ കൂടുതല്‍ റണ്‍സ് കോലിയുടെ അക്കൗണ്ടിലുണ്ട്. ഇതില്‍ 39 സെഞ്ചുറിയും 49 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. 61.83-ാണ് കോലിയുടെ ശരാശരി. അവാര്‍ഡിന് പരിഗണിക്കുന്ന കാലയളവില്‍ 112 ക്യാച്ചുകളും കോലി സ്വന്തമാക്കി.