വിജയക്കുതിപ്പ് തുടരാൻ ഓസ്ട്രേലിയ, എതിരാളികള്‍ അട്ടിമറി വീരന്‍മാരായ നെതര്‍ലന്‍ഡ്സ്
ബെംഗളൂരുവിൽ പാകിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് തകര്‍പ്പൻ ജയമൊരുക്കിയത് ഡേവിഡ് വാര്‍ണറുടെയും മിച്ചൽ മാര്‍ഷിന്‍റെയും സെഞ്ച്വറികളായിരുന്നു.

ദില്ലി: ലോകകപ്പിൽ വിജയക്കുതിപ്പ് തുടരാൻ ഓസ്ട്രേലിയ ഇന്നിറങ്ങും. നെതര്‍ലൻഡ്സാണ് എതിരാളി. ദില്ലിയിൽ ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം തുടങ്ങുക. തുടക്കം പാളിയെങ്കിലും കരുത്തോടെ തിരിച്ചുവന്ന ഓസ്ട്രേലിയ. മറ്റൊരു അട്ടിമറി സ്വപ്നംകണ്ട് നെതര്‍ലൻഡ്സ്. റണ്‍മഴ പെയ്യുന്ന ദില്ലിയിൽ പ്രതീക്ഷിക്കുന്നത് ആവേശപ്പോരാട്ടം. ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോറ്റ് തുടങ്ങിയ കങ്കാരുക്കൾ, ശ്രീലങ്കയേയും, പാകിസ്ഥാനെയും കീഴടക്കി ട്രാക്കിലായി.
ബെംഗളൂരുവിൽ പാകിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് തകര്‍പ്പൻ ജയമൊരുക്കിയത് ഡേവിഡ് വാര്‍ണറുടെയും മിച്ചൽ മാര്‍ഷിന്‍റെയും സെഞ്ച്വറികളായിരുന്നു. ഓപ്പണര്‍ ട്രാവിസ് ഹെഡ് തിരിച്ചെത്തുമ്പോൾ ഓസീസിന് ബാറ്റിംഗ് കരുത്ത് കൂടൂം. ഹെഡ് തിരിച്ചെത്തുമ്പോള്‍ മാര്‍നസ് ലബുഷെയ്നായിരിക്കും സ്ഥാനം നഷ്ടമാവുക. മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്‍റെ മങ്ങിയ ഫോമാണ് ഓസീസിന് തലവേദനയാകുന്നത്. പാകിസ്ഥാനെതിരെ ഏഴ് റണ്‍സിന് പുറത്തായ സ്മിത്ത് ശ്രീലങ്കക്കെതിരെ പൂജ്യത്തിന് മടങ്ങി.
അഫ്ഗാനെതിരായ തോല്‍വിക്കുശേഷം ബാബര്‍ ഡ്രസ്സിംഗ് റൂമിൽ പൊട്ടിക്കരഞ്ഞു, വെളിപ്പെടുത്തി മുന്‍ നായകൻ
തിരുവനന്തപുരത്ത് നടന്ന സന്നാഹമത്സരത്തിൽ ഹാട്രിക്കോടെ തിളങ്ങിയ മിച്ചൽ സ്റ്റാര്‍ക്കാവും ദില്ലിയിലും നെതര്‍ലൻഡ്സിന് ഭീഷണി. ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച നെതര്‍ലൻഡ്സ്, ശ്രീലങ്കക്കതിരെയും പൊരുതി നോക്കിയിരുന്നു. എതിരാളികളുടെ പെരുമനോക്കാതെ അവസാനം വരെ പോരാടുന്ന ഓറഞ്ച് വീര്യം ഓസ്ട്രേലിയക്കെതിരെയും ഇന്ന് പ്രതീക്ഷിക്കാം. ലോകകപ്പിൽ ഇതിന് മുമ്പ് ഏറ്റുമുട്ടിയ രണ്ട് കളിയിലും ആധികാരിക വിജയം ഓസീസിനൊപ്പമായിരുന്നു.
ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്‍റുകളില്‍ ഓസ്ട്രേലിയയെ അട്ടിമറിക്കുക കുഞ്ഞന്‍ ടീമുകള്‍ക്ക് അത്ര എളുപ്പമല്ലെന്ന ചരിത്രവും നെതര്‍ലന്‍ഡ്സിന് മുന്നിലുണ്ട്. 1983ലെ ലോകകപ്പില്‍ സിംബാബ്‌വെക്ക് മുന്നില്‍ തോറ്റതും 2007ലെ ആദ്യ ടി20 ലോകകപ്പില്‍ സിംബാബ്‌വെക്ക് മുന്നില്‍ അടിയറവ് പറഞ്ഞതും മാത്രമാണ് ഇതിനൊരു അപവാദം. പോയന്‍റ് പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്തുള്ള ഓസീസിന് ഇന്ന് ജയിച്ചാല്‍ സെമിയിലേക്ക് ഒരു ചുവടു കൂടി അടുക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക