ഇതിനിടെ ടീമിനെ സഹായിക്കാനായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ‍് മുൻതാരങ്ങളുടെ സഹായം തേടി. മൂന്ന് തുടര്‍ തോൽവികളിൽ വശംകെട്ട് പാകിസ്ഥാൻ ടീമിനെതിരെ മുൻതാരങ്ങള്‍ രൂക്ഷ വിമർശനമാണ് ഉയര്‍ത്തിയത്.

കറാച്ചി: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ നാണംകെട്ട തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബര്‍ അസം ഡ്രസ്സിംഗ് റൂമില്‍വെച്ച് പൊട്ടിക്കരഞ്ഞുവെന്ന് വെളിപ്പെടുത്തി മുൻ നായകന്‍ മുഹമ്മദ് യൂസുഫ്. പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാബര്‍ പൊട്ടിക്കരഞ്ഞ കാര്യം യൂസഫ് വെളിപ്പെടുത്തിയത്. അഫ്ഗാനെതിരായ തോല്‍വിക്ക് ശേഷം ബാബര്‍ കരയുന്നത് കേട്ടുവെന്നും എന്നാല്‍ തോല്‍വിയില്‍ ബാബറിനെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും യൂസഫ് പറഞ്ഞു.

തോല്‍വിക്ക് കാരണം ബാബറിന്‍റെ മാത്രം പിഴവല്ല, ടീം ഒന്നാകെയും മാനേജ്മെന്‍റും അതിന് ഉത്തരവാദികളാണ്. ഈ വിഷമഘട്ടത്തില്‍ ഞങ്ങള്‍ ബാബറിനൊപ്പമുണ്ട്. രാജ്യം മുഴുവന്‍ ബാബറിന്‍റെ കൂടെയുണ്ടെന്നും മുഹമ്മദ് യൂസഫ് പറഞ്ഞു. അഫ്ഗാനെതിരായ തോല്‍വിക്ക് ശേഷം ഇത് കൂടുതല്‍ വേദനിപ്പിക്കുന്ന തോല്‍വിയാണെന്ന് ബാബര്‍ പറഞ്ഞിരുന്നു. ഈ തോല്‍വിയില്‍ നിന്ന് ടീം പാഠം പഠിക്കുമെന്നാണ് കരുതുന്നതെന്നും വരും മത്സരങ്ങളില്‍ വ്യത്യസ്ത പ്ലാന്‍ കൊണ്ടുവരുമെന്നും ബാബര്‍ പറഞ്ഞിരുന്നു.

ഇതിനിടെ ടീമിനെ സഹായിക്കാനായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ‍് മുൻതാരങ്ങളുടെ സഹായം തേടി. മൂന്ന് തുടര്‍ തോൽവികളിൽ വശംകെട്ട് പാകിസ്ഥാൻ ടീമിനെതിരെ മുൻതാരങ്ങള്‍ രൂക്ഷ വിമർശനമാണ് ഉയര്‍ത്തിയത്. ദിവസവും എട്ട് കിലോ ആട്ടിറച്ച് കഴിക്കുന്ന ടീമിൽ ഫിറ്റ്നസില്ലാത്ത താരങ്ങളുണ്ടെന്ന് വസീം അക്രം വിമർശിച്ചപ്പോള്‍ ബാബറിന്‍റെ നേതൃപാഠവത്തെ വിമര്‍ശിച്ചവരുടെ കൂട്ടത്തിൽ മുൻനായകൻമാരായ ഷുയൈബ് മാലിക്കും മോയിൻ ഖാനുമുണ്ടായിരുന്നു.

കിവീസിനെതിരായ ആവേശജയത്തിന് പിന്നാലെ ഇന്ത്യക്കിനി ഒരാഴ്ച വിശ്രമം, കൂട്ടത്തോടെ ടീം വിട്ട് സൂപ്പര്‍ താരങ്ങള്‍

മുതിര്‍ന്ന താരങ്ങളായ ഷദാബ് ഖാൻ, മുഹമ്മദ് റിസ്‍വാൻ എന്നിവരുമായി ബാബറിന് ഇഷ്ടക്കേടുണ്ടെന്ന മുൻ താരം ഉമര്‍ ഗുലിന്‍റെ പ്രതികരണം ടീമിനകത്തെ പൊരുത്തക്കേടുകൾ ഉണ്ടെന്ന് വ്യക്തമായ സൂചനയായി. വിമര്‍ശനം ശക്തമാവുന്നതിനിടെയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷൻ സാകാ അഷ്റഫ് മുഖ്യസെലക്ടര്‍ ഇൻസമാമുൽ ഹഖിനേയും മുൻതാരങ്ങളായ അക്വിബ് ജാവേദിനേയും മുഹമ്മദ് യൂസുഫിനേയും നേരിൽ കണ്ട് സഹായം തേടിയത്. വസീം അക്രം, വഖാര്‍ യൂനിസ്, സഖ്‍ലൈൻ മുഷ്താഖ്, ഉമര്‍ ഗുൽ എന്നിവരുടെയും സഹായം തേടാനാണ് സാകാ അഷ്റഫിന്‍റെ തീരുമാനം. വലിയ പ്രതിസന്ധിയിൽ നിന്ന് പാകിസ്ഥാനെ പെട്ടെന്ന് കരകയറ്റുകയാണ് പിസിബിയുടെ ലക്ഷ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക