ന്യൂസിലൻഡ് തന്നത് മുട്ടന്‍ പണി; ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് വെറും ജയം പോര
ഇന്നലെ നെതര്‍ലന്‍ഡ്സിനോട് തോറ്റെങ്കിലും മൂന്ന് കളികളില്‍ നാലു പോയന്‍റുള്ള ദക്ഷിണാഫ്രിക്കയാണ് മൂന്നാമത്. നെതര്‍ലന്‍ഡ്സിനെതിരായ തോല്‍വിയോടെ ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റും കുത്തനെ ഇടിഞ്ഞ് +1.385 ലെത്തി.

ചെന്നൈ: ലോകകപ്പില്‍ തുടര്‍ ജയങ്ങളുമായി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ് ഒന്നാമത്. ഇന്ന് അഫ്ഗാനെതിരെ 149 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി നാലു കളികളില്‍ നാലും ജയിച്ച് എട്ടു പോയന്‍റുമായാണ് ന്യൂസിലന്‍ഡ് തലപ്പത്തേക്ക് കയറിയത്.
മൂന്ന് കളികളില്‍ ആറ് പോയന്‍റുള്ള ഇന്ത്യക്ക് വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാന്‍ അവസരമുണ്ടെങ്കിലും വെറും ജയം കൊണ്ട് ഇന്ത്യക്ക് ഒന്നാമതെത്താനാവില്ല. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് ഇന്ത്യയെക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റുണ്ട്(+1.923). രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് +1.821 ആണ്. ബംഗ്ലാദേശിനെതിരെ നേരിയ ജയം നേടിയാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാവില്ലെന്ന് ചുരുക്കം.
ഇന്നലെ നെതര്‍ലന്‍ഡ്സിനോട് തോറ്റെങ്കിലും മൂന്ന് കളികളില്‍ നാലു പോയന്‍റുള്ള ദക്ഷിണാഫ്രിക്കയാണ് മൂന്നാമത്. നെതര്‍ലന്‍ഡ്സിനെതിരായ തോല്‍വിയോടെ ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റും കുത്തനെ ഇടിഞ്ഞ് +1.385 ലെത്തി. പാകിസ്ഥാന്‍ മൈനസ് നെറ്റ് റണ്‍റേറ്റുമായി(-0.137) നാലാം സ്ഥാനത്തും ഇംഗ്ലണ്ട്(-0.084) അഞ്ചാമതുമാണ്.
ന്യൂസിലന്‍ഡിനെതിരായ തോല്‍വിയോടെ അഫ്ഗാനിസ്ഥാന്‍ ഒമ്പതാം സ്ഥാനത്തേക്ക് വീണപ്പോള്‍ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച നെതര്‍ലന്‍ഡ്സ് എട്ടാമതാണ്. ഓസ്ട്രേലിയ ഏഴാം സ്ഥാനത്തും ബംഗ്ലാദേശ് ആറാമതുള്ള പട്ടികയില്‍ ശ്രീലങ്കയാണ് അവസാന സ്ഥാനത്ത്. വ്യാഴാഴ്ച പൂനെയില്‍ വിജയത്തുടര്‍ച്ച തേടിയാണ് ഇന്ത്യ ഇറങ്ങുന്നത്.
ആദ്യ മത്സരത്തില്‍ തുടക്കത്തില്‍ ഓസ്ട്രേലിയക്കെതിരെ പതറിയതൊഴിച്ചാല്‍ ആധികാരികമായിരുന്നു ഇന്ത്യയുടെ ജയങ്ങളെല്ലാം. ഓസ്ട്രേലിയക്കെതിരെ 52 പന്തുകള്‍ ബാക്കി നിര്‍ത്തിയും അഫ്ഗാനെതിരെ 15 ഓവറുകള്‍ ബാക്കി നിര്‍ത്തിയും ജയിച്ച ഇന്ത്യ അഭിമാനപ്പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ 19.3 ഓവറുകള്‍ ബാക്കിയാക്കിയാണ് ജയിച്ചു കയറിയത്. അഫ്ഗാനിനെയും പാകിസ്ഥാനെയും വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചതാണ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റിലും പ്രതിഫലിച്ചത്. എന്നാല്‍ ഇന്ന് ന്യൂസിലന്‍ഡ് 149 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയത് ഇന്ത്യക്ക് തിരിച്ചടിയായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക