ടി20 ക്രിക്കറ്റിലാണ് അടുത്ത മാറ്റം. കുറഞ്ഞ ഓവര്‍ നിരക്കിന്റെ ശിക്ഷാവിധിയിലും വെള്ളം കുടി ഇടവേളയുടെ കാര്യത്തിലുമാണ് മാറ്റം. ഈമാസം തന്നെ മാറ്റം പ്രാബല്യത്തില്‍ വരും. 

ദുബായ്: ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും കുറഞ്ഞ ഓവര്‍ നിരക്കിന് പിഴയുണ്ട്. ആദ്യം ക്യാപ്റ്റന് മാത്രമായിരുന്നു പിഴ വിധിച്ചിരുന്നത്. ഇപ്പോള്‍ ക്യാപ്റ്റനും സഹതാരങ്ങളും പിഴയടയ്ക്കണം. എന്നാല്‍ മറ്റൊരു മാറ്റം കൂടി ഐസിസി (ICC) കൊണ്ടുവരികയാണ്. ടി20 ക്രിക്കറ്റിലാണ് അടുത്ത മാറ്റം. കുറഞ്ഞ ഓവര്‍ നിരക്കിന്റെ ശിക്ഷാവിധിയിലും വെള്ളം കുടി ഇടവേളയുടെ കാര്യത്തിലുമാണ് മാറ്റം. ഈമാസം തന്നെ മാറ്റം പ്രാബല്യത്തില്‍ വരും. 

പുതിയ നിയമപ്രകാരം ടി20 മത്സരത്തില്‍ ഓവര്‍ നിരക്ക് കുറഞ്ഞാല്‍ തേര്‍ട്ടിയാര്‍ഡ് സര്‍ക്കിന് പുറത്ത് നില്‍ക്കാന്‍ കഴിയുന്ന താരങ്ങളുടെ എണ്ണത്തില്‍ ഒരാളുടെ കുറവ് വരുത്തും. ഇന്നിങ്സ് കഴിയുന്ന വരെ സര്‍ക്കിളിന് പുറത്ത് ഒരാളുടെ കുറവോടെ കളിക്കേണ്ടി വരും. നായകന്മാര്‍ ഓവര്‍ നിരക്കിനെ കുറിച്ച് കൂടുതല്‍ ബോധവാന്‍ന്മാരാകും എന്നാണ് ഐസിസി കണക്കുകൂട്ടുന്നത്. ഇതോടൊപ്പം പിഴ ശിക്ഷയും തുടരും. 

ഇംഗ്ലണ്ടിന്റെ 100 ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഐസിസി ഇത്തരമൊരു നിയമത്തിലേക്കെത്തിയത്. വെള്ളം കുടിയ്ക്കായുള്ള ഇടവേള 10-ാം ഓവറില്‍ അനുവദിക്കും. രണ്ട് മിനുട്ടും 30 സെക്കന്‍ഡുമാണ് ഐസിസി നിശ്ചയിച്ചിരിക്കുന്ന വെള്ളം കുടി ഇടവേള. ഈ മാസം 16ന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസ്- അയര്‍ലന്‍ഡ് പരമ്പരയോടെ പുതിയ നിയമം നടപ്പിലാക്കും.

ഐസിസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാഫോര്‍മാറ്റിലേക്കും ഇത് എത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടക്കേണ്ടതായുണ്ടെന്നും ഐസിസി ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.