Asianet News MalayalamAsianet News Malayalam

സ്റ്റോപ് ക്ലോക്ക്; ക്രിക്കറ്റിൽ പുതിയ നിയമം വരുന്നു, ഇം​ഗ്ലണ്ട്-വിൻഡീസ് പരമ്പരയിൽ നടപ്പാക്കും  

ഇരുടീമിനും ജയസാധ്യതയുള്ള മത്സരത്തിൽ തന്ത്രങ്ങൾ മെനയാനും കളിയുടെ സൗന്ദര്യം വർധിക്കാനും സാധിക്കുന്ന അവസരമാണ് പുതിയ നിയമത്തിലൂടെ ഇല്ലാതാകുന്നതെന്നും വിമർശനമുണ്ട്.

ICC introduce stop clock law in cricket prm
Author
First Published Dec 12, 2023, 12:17 PM IST

ദുബായ്: ക്രിക്കറ്റ് മത്സരങ്ങളിൽ പുതിയ നിയമമായ സ്റ്റോപ് ക്ലോക്ക് ഉടൻ നടപ്പാക്കിയേക്കും. ചൊവ്വാഴ്ച നടക്കുന്ന വെസ്റ്റ് ഇൻഡീസ് - ഇംഗ്ലണ്ട് ട്വന്റി20 മത്സരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന് ഐസിസി സൂചന നൽകി.  ബോളിങ് ടീമിന് രണ്ട് ഓവറുകൾക്കിടയിൽ എടുക്കാവുന്ന പരാമവധി സമയം ഒരു മിനിറ്റായി കുറക്കുകയാണ് സ്റ്റോപ്പ് ക്ലോക്ക് നിയമത്തിലൂടെ നടപ്പാക്കുക. ഒരു ഓവർ പൂർത്തിയായി ഒരുമിനിറ്റിനകം അടുത്ത ഓവറിലെ ആദ്യ പന്ത് എറിയാൻ ബൗളർ തയാറെടുക്കണമെന്നാണ് നിയമം പറയുന്നത്. ഒരു ഇന്നിങ്സിൽ മൂന്നുതവണ നിയമം ലംഘിച്ചാൽ ബാറ്റിങ് ടീമിന് അഞ്ച് റൺസ് ബോണസായി ലഭിക്കുമെന്നാണ് വ്യവസ്ഥ. ആദ്യ രണ്ടുതവണ ബോളിങ് ടീമിന് മുന്നറിയിപ്പ് നൽകിയ ശേഷമായിരിക്കും ബാറ്റ് ചെയ്യുന്ന ടീമിന് ബോണസ് റൺ അനുവദിക്കുക. 

മത്സരത്തിലെ ഇടവേള സമയം കുറയ്ക്കുക എന്നാണ് നിയമം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഐസിസി പറയുന്നു. അതേസമയം, കടുപ്പമേറിയ മത്സരങ്ങളിൽ ബൗൾ ചെയ്യുന്ന ടീമിന് സമ്മർദ്ദമുണ്ടാക്കുന്നതാണ് നിയമമെന്നും അഭിപ്രായമുണ്ട്. ഇപ്പോൾ തന്നെ ബാറ്റർമാർക്ക് ഒട്ടേറെ അനുകൂല നിയമങ്ങളുണ്ടെന്നും സ്റ്റോപ് ക്ലോക്ക് നിയമം കൂടെ വന്നാൽ ബൗളർമാർക്ക് ഇരട്ടി സമ്മർദ്ദമുണ്ടാകുമെന്നും വിദ​ഗ്ധർക്കിടയിൽ അഭിപ്രായമുയരുന്നു. 

ഇരുടീമിനും ജയസാധ്യതയുള്ള മത്സരത്തിൽ തന്ത്രങ്ങൾ മെനയാനും കളിയുടെ സൗന്ദര്യം വർധിക്കാനും സാധിക്കുന്ന അവസരമാണ് പുതിയ നിയമത്തിലൂടെ ഇല്ലാതാകുന്നതെന്നും വിമർശനമുണ്ട്. ക്യാപ്റ്റന്മാർക്കും സമ്മർദ്ദമനുഭവിക്കേണ്ടിവരും. അതേസമയം, ക്രിക്കറ്റ് മത്സരങ്ങളുടെ സമയദൈർഘ്യം പരമാവധി കുറച്ച് ജനപ്രിയമാക്കുക എന്നതാണ് ഐസിസിയുടെ ലക്ഷ്യം. 

Read More... സച്ചിന്‍ എന്ന വന്‍മരം 'ഗൂഗിളിലും' വീണു; ഇന്‍റര്‍നെറ്റിലും കിംഗ് വിരാട് കോലി, പക്ഷേ 2023ലെ സ്റ്റാറുകള്‍ വേറെ!

പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ശേഷം മാത്രമേ നിയമം സ്ഥിരപ്പെടുത്തൂവെന്ന് ഐസിസി ജനറൽ മാനേജർ വസിം ഖാൻ പറഞ്ഞു.  പവർപ്ലേ നിയമങ്ങളിൽ പുതിയ മാറ്റങ്ങൾ വന്നതോടെ വൈറ്റ് ബോൾ ക്രിക്കറ്റിൽ ‌സ്റ്റോപ്പ് ക്ലോക്ക് നടപ്പാക്കാവുന്ന സാഹചര്യമാണെന്നും അടുത്ത ഓവർ ബോൾ ചെയ്യേണ്ട ബൗളർമാരെ ഇന്നർ ഫീൽഡിൽ വിന്യസിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 

Latest Videos
Follow Us:
Download App:
  • android
  • ios