ദുബായ്: 2023ല്‍ ഇന്ത്യ ആതിഥേത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന് പുതിയ യോഗ്യതാ രീതിയുമായി ഐസിസി. ലോകകപ്പില്‍ പങ്കെടുക്കുന്ന 10 ടീമുകളെ കണ്ടെത്താന്‍ ഏകദിന സൂപ്പര്‍ ലീഗ് ആരംഭിക്കും. ജൂണ്‍ 30ന് സതാംപ്ടണില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ട്- അര്‍ലന്‍ഡ് പരമ്പരയോടെയാണ് ലീഗ് ആരംഭിക്കുക. നേരത്തെ ആരംഭിക്കേണ്ടതായിരുന്നുവെങ്കിലും കൊവിഡ് വ്യാപനം കാരണം വേണ്ടെന്ന് വെക്കുകയായിരുന്നു.

നേരത്തെ ലോകകപ്പിലെ യോഗ്യത തീരുമാനിച്ചിരുന്നത് ഐസിസി റാങ്കിങ് നോക്കിയായിരുന്നു. ആദ്യ എട്ട് റാങ്കിലുള്ള ടീമുകള്‍ക്കായിരുന്നു യോഗ്യത ലഭിച്ചിരുന്നത്. കൂടാതെ അവസാന രണ്ട് സ്ഥാനത്തിനായുള്ള ടീമുകള്‍ യോഗ്യതാ മത്സരം കളിക്കുകയും ചെയ്യും. ഇതാണ് ഇത്തവണ യോഗ്യതാ ടൂര്‍ണമെന്റായി ഐസിസി മാറ്റിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന് ഐസിസി യോഗത്തിലാണ് ഈ തീരുമാനം.

2023ലെ ലോകകപ്പ് വര്‍ഷാവസാനത്തേക്ക് നീട്ടിയത് കോവിഡ് മൂലം മാറ്റി വെച്ച ക്രിക്കറ്റ് മത്സരങ്ങളുടെ നടത്തിപ്പിനും കൂടുതല്‍ സമയം നല്‍കുമെന്ന് ഐസിസി ജനറല്‍ മാനേജര്‍ ജിയോഫ് അല്ലാര്‍ഡൈസ് പറഞ്ഞു. ലോകകപ്പ് യോഗ്യത പ്രക്രിയ ഭംഗിയോടെ പൂര്‍ത്തിയാക്കാനും അതിലൂടെ സാധിക്കുമെന്നാണ് അ്‌ദ്ദേഹം പ്രതീക്ഷിക്കുന്നത്.

ചെറിയ ടീമുകള്‍ക്ക് അട്ടിമറിയിലൂടെ ഉയര്‍ന്നുവരാനുള്ള സാധ്യതയും പുതിയ തീരുമാനത്തിലൂടെ ലഭിക്കും. മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളുമായി കൂടിയാലോചിച്ചും കൊറോണയുടെ പശ്ചാത്തലത്തില്‍ മറ്റ് സുരക്ഷാ കാര്യങ്ങളും നോക്കിയ ശേഷമായിരിക്കും ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുക.