പരിക്ക് പറ്റി ഒരു കളിക്കാരന് പിന്നീട് ആ മത്സരത്തില്‍ കളിക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍, ബൗള്‍ ചെയ്യാനും, ബാറ്റ് ചെയ്യാനും സാധിക്കുന്ന വിധം പകരം കളിക്കാരനെ ടീമിലുള്‍പ്പെടുത്താന്‍ സാധിക്കുന്നതാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട്.

ലണ്ടന്‍: മത്സരത്തിനിടെ കളിക്കാരന് പരിക്കേറ്റ് ഗ്രൗണ്ട് വിടേണ്ട സാഹചര്യങ്ങളില്‍ പുറത്തുപോയ കളിക്കാരന് പകരം മറ്റൊരു കളിക്കാരനെ ഇറക്കാനുള്ള കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ട് സംവിധാനം ആഷസ് പരമ്പരയില്‍ നടപ്പാക്കാനൊരുങ്ങി ഐസിസി. പരിക്ക് പറ്റി ഒരു കളിക്കാരന് പിന്നീട് ആ മത്സരത്തില്‍ കളിക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍, ബൗള്‍ ചെയ്യാനും, ബാറ്റ് ചെയ്യാനും സാധിക്കുന്ന വിധം പകരം കളിക്കാരനെ ടീമിലുള്‍പ്പെടുത്താന്‍ സാധിക്കുന്നതാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട്.

ഈ ആഴ്ച ലണ്ടനില്‍ ചേരുന്ന ഐസിസി വാര്‍ഷിക യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ആഷസ് പരമ്പരയില്‍ പരിഷ്കാരം നടപ്പാക്കാനാണ് ഐസിസി തയാറെടുക്കുന്നത്. ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെ ബൗണ്‍സര്‍ തലയില്‍ക്കൊണ്ട് ഓസീസ് താരം ഫില്‍ ഹ്യൂസ് മരണമടഞ്ഞതിനെത്തുടര്‍ന്നാണ് കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ട് എന്ന സംവിധാനത്തെക്കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ ആലോചന തുടങ്ങിയത്.

2016-2017 സീസണ്‍ മുതല്‍ ആഭ്യന്തര ക്രിക്കറ്റിലും ബിഗ് ബാഷ് ലീഗിലും ഓസ്ട്രേലിയ ഈ പരിഷ്കാരം നടപ്പാക്കുകയും ചെയ്തു. എന്നാല്‍ ഐസിസി അംഗീകരിക്കാതിരുന്നതിനാല്‍ ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഈ പരിഷ്കാരം ഇതുവരെ നടപ്പാക്കിയിരുന്നില്ല.
മത്സരത്തിനിടെ പരിക്കേല്‍ക്കുന്ന കളിക്കാരന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കൂടുതല്‍ പരിശോധനകള്‍ക്കായി ഗ്രൗണ്ട് വിടേണ്ടിവരികയും പിന്നീട് ആ മത്സരത്തില്‍ കളിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിലാണ് പകരം കളിക്കാരനെ ഇറക്കാനാവുക.

ടീം മെഡിക്കല്‍ പ്രതിനിധിയായി എല്ലാ ടീമും ഒരാളെ നിര്‍ദേശിക്കണമെന്നും ഇതിന് പുറമെ എല്ലാ മത്സരങ്ങള്‍ക്കും ഒരു സ്വതന്ത്ര ഡോക്ടറെ നിയോഗിക്കാനും ഈ ഡോക്ടറുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷം പകരം കളിക്കാരനെ ഇറക്കാന്‍ അനുമതി നല്‍കാനുമാണ് ഐസിസി ആലോചിക്കുന്നത്. ആഷസ് പരമ്പരയില്‍ നടപ്പാക്കുന്ന പരിഷ്കാരം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും അവതരിപ്പിക്കും. നിലവില്‍ പരിക്കേല്‍ക്കുന്ന കളിക്കാരന് പകരക്കാരെ ഫീല്‍ഡ് ചെയ്യാന്‍ ഇറക്കാമെങ്കിലും പകരം ഇറങ്ങുന്ന കളിക്കാരന് ബൗള്‍ ചെയ്യാനോ ബാറ്റ് ചെയ്യാനോ അവകാശമില്ല.