ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനുവേണ്ടി ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സര്‍ദ്രാനും അര്‍ധസെഞ്ചുറികള്‍ നേടി ഓപ്പണിംഗ് വിക്കറ്റില്‍ 14.3 ഓവറില്‍ 154 റണ്‍സെടുത്തു

ഗയാന: ടി20 ലോകകപ്പില്‍ ഉഗാണ്ടയെ 125 റണ്‍സിന് തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തപ്പോള്‍ ഉഗാണ്ട 16 ഓവറില്‍ 58 റണ്‍സിന് ഓള്‍ ഔട്ടായി. നാലോവറില്‍ ഒമ്പത് റണ്‍സിന് അഞ്ച് വിക്കറ്റെടുത്ത ഫസലുള്ള ഫാറൂഖിയാണ് ഉഗാണ്ടയെ എറിഞ്ഞിട്ടത്. 11 റണ്‍സെടുത്ത റിയാസ് അലി ഷായും 14 റണ്‍സെടുത്ത റോബിന്‍സണ്‍ ഒബൂയയും മാത്രമാണ് ഉഗാണ്ട നിരയില്‍ രണ്ടക്കം കടന്നത്.

ഒരുഘട്ടത്തില്‍ 4.4 ഓവറില്‍ 18-5ലേക്ക് കൂപ്പുകുത്തിയ ഉഗാണ്ട ടി20 ലോകകപ്പിലെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്താവുമെന്ന് കരുതിയെങ്കിലും റിയാസ് അലി ഷായും റോബിന്‍സണ്‍ ഒബൂയയും ചേര്‍ന്ന് അവരെ നാണക്കേടില്‍ നിന്ന് കരകയറ്റി. ഇരുവരും പുറത്തായതോടെ ഉഗാണ്ട അതിവേഗം പുറത്തായി. അഫ്ഗാനിസ്ഥാന് വേണ്ടി ഫസലുള്ള ഫാറൂഖി നാലോവറില്‍ ഒമ്പത് റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ നവീന്‍ ഉള്‍ ഹഖും ക്യാപ്റ്റന്‍ റഷീദ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ധോണിയുടെ വാക്കുകൾ കടമെടുത്ത് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ ലോകകപ്പ് താരം കേദാർ ജാദവ്

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനുവേണ്ടി ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സര്‍ദ്രാനും അര്‍ധസെഞ്ചുറികള്‍ നേടി ഓപ്പണിംഗ് വിക്കറ്റില്‍ 14.3 ഓവറില്‍ 154 റണ്‍സെടുത്തു. ഗുര്‍ബാസ് 45 പന്തില്‍ 76 റണ്‍സെടുത്തപ്പോള്‍ ഇബ്രാഹിം സര്‍ദ്രാന്‍ 46 പന്തില്‍ 70 റണ്‍സെടുത്തു. ഇരുവരും പുറത്തായശേഷം വന്നവര്‍ക്കാര്‍ക്കും സ്കോര്‍ ഉയര്‍ത്താനായില്ല. ഒമ്പത് വിക്കറ്റ് കൈയിലുണ്ടായിട്ടും അവസാന അഞ്ചോവറില്‍ അഫ്ഗാന് 29 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

നജീബുള്ള സര്‍ദ്രാന്‍(2), മുഹമ്മദ് നബി(16 പന്തില്‍ 14*), ഗുല്‍ബാദിന്‍ നൈബ്(4), അസ്മത്തുള്ള ഒമര്‍സായി(5) എന്നിവര്‍ നിരാശപ്പെടുത്തി. ഉഗാണ്ടക്കായി കോസ്മാസ് ക്യുവുറ്റയും ക്യാപ്റ്റന്‍ ബ്രയാന്‍ മസാബയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വമ്പന്‍ ജയത്തോടെ വെസ്റ്റ് ഇന്‍ഡീസും ന്യൂസിലന്‍ഡും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാന്‍ ഒന്നാം സ്ഥാനത്തെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക