രാഹുല്‍ ദ്രാവിഡിനെ അപമാനിച്ച് ഐസിസിയുടെ നടപടി. ആരാധകര്‍ പ്രതിഷേധമുയര്‍ത്തിയതോടെ ഐസിസിക്ക് തെറ്റുതിരുത്തേണ്ടിവന്നു.
മുംബൈ: ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്‌മാന്‍മാരുടെ പട്ടികയിലാണ് വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്‍റെ സ്ഥാനം. ഇതിഹാസ താരത്തിനുള്ള ആദരമായി കഴിഞ്ഞ വര്‍ഷം നവംബറില്‍ ദ്രാവിഡിനെ ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഐസിസി വെബ്‌സൈറ്റിലെ ഹാള്‍ ഓഫ് ഫെയിം പേജില്‍ ദ്രാവിഡിനെ കുറിച്ച് തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്.
വിഖ്യാത വലംകൈയ്യന്‍ ബാറ്റ്സ്‌മാനെ ഇടംകൈയ്യനായാണ് പേജില്‍ ഐസിസി രേഖപ്പെടുത്തിയത്. ദ്രാവിഡിനെ കുറിച്ചുള്ള പ്രാഥമിക വിവരം പോലും തെറ്റിച്ച ഐസിസി നടപടി ആരാധകര്‍ക്ക് രുചിച്ചില്ല. ദ്രാവിഡിനെ കുറിച്ച് ഒന്നും അറിയില്ലേ ഐസിസിക്ക് എന്നും ചോദിച്ചു ചില ആരാധകര്‍.
എന്നാല്‍ സംഭവം വിവാദമായതോടെ തെറ്റുതിരുത്തി ഐസിസി. ഡബ്ലിനില്‍ വെച്ച് കഴിഞ്ഞ വര്‍ഷമാണ് ദ്രാവിഡിനെയും ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗിനെയും ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയത്. തിരുവനന്തപുരത്ത് ഇന്ത്യ- വിന്‍ഡീസ് ഏകദിനത്തിനിടെ വിഖ്യാത താരം സുനില്‍ ഗാവസ്‌കര്‍ ദ്രാവിഡിന് ഉപഹാരം സമ്മാനിച്ചു. 164 ടെസ്റ്റുകളില്‍ 36 സെഞ്ചുറികളടക്കം 13,288 റണ്‍സും 344 ഏകദിനങ്ങളില്‍ 12 ശതകങ്ങളോടെ 10,889 റണ്‍സും ദ്രാവിഡ് നേടിയിട്ടുണ്ട്.
