ദുബായ്: ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. കോലി ഒന്നാം സ്ഥാനത്തും രോഹിത് രണ്ടാം സ്ഥാനത്തുമാണ്. ഒന്നാം സ്ഥാത്തുള്ള കോലിക്ക് 871 റേറ്റിംഗ് പോയന്റും രണ്ടാം സ്ഥാനത്തുള്ള രോഹിത്തിന് 855 റേറ്റിംഗ്  പോയന്റുമാണുള്ളത്. 829 റേറ്റിംഗ് പോയന്റുമായി പാക്കിസ്ഥാന്റെ ബാബര്‍ അസം ആണ് മൂന്നാം സ്ഥാനത്ത്.

ബൗളര്‍മാരുടെ റാങ്കിംഗില്‍ ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് 719 റേറ്റിംഗ് പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 701 റേറ്റിംഗ് പോയന്റുമായി ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയാണ് രണ്ടാം സ്ഥാനത്ത്. അഫ്ഗാന്‍ സ്പിന്നര്‍ മുജീബ് റഹ്മാന്‍ മൂന്നാമതുണ്ട്. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ മാത്രമാണുള്ളത്. എട്ടാം സ്ഥാനത്താണ് ജഡേജ. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബി ഒന്നാം സ്ഥാനത്തും ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ് രണ്ടാം സ്ഥാനത്തുമാണ്. കൊവിഡ് ഇടവേളക്കിടെ ഏകദിന മത്സരങ്ങളൊന്നും നടക്കാത്തതിനാല്‍ റാങ്കിംഗിലും കാര്യമായ വ്യത്യാസങ്ങളില്ല.

എന്നാല്‍ അടുത്ത ആഴ്ച ഇംഗ്ലണ്ട്-അയര്‍ലന്‍ഡ് ലോകകപ്പ് സൂപ്പര്‍ സീരീസ് പോരാട്ടം ആരംഭിക്കുന്നതിനാല്‍ ഇംഗ്ലീഷ് താരങ്ങള്‍ക്ക് റാങ്കിംഗില്‍ മുന്നേറാന്‍ അവസരമുണ്ട്. മികച്ച പ്രകടനം പുറത്തെടുത്താല്‍ 11-ാം സ്ഥനത്തുള്ള ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയിക്കും 14-ാം റാങ്കിലുള്ള വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോക്കും ആദ്യ പത്തില്‍ ഉള്‍പ്പെടാന്‍ അവസരം ലഭിച്ചേക്കും. ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ 23-ാം സ്ഥാനത്താണ്.


ഇന്ത്യ വേദിയാവുന്ന 2023ലെ ഏകദിന ലോകകപ്പിന് മുന്നോടായായാണ് ഐസിസി കഴിഞ്ഞ ദിവസം ഏകദിന ലോകകപ്പിനു യോഗ്യത നേടാനുള്ള സൂപ്പർ ലീഗ് എന്ന പുതിയ ചാംപ്യൻഷിപ് പ്രഖ്യാപിച്ചത്. ലോകകപ്പിൽ പങ്കെടുക്കേണ്ട 10 ടീമുകളിൽ 8 ടീമുകളെയാകും ലോകകപ്പ് സൂപ്പർ ലീഗി’ലൂടെ കണ്ടെത്തുക. ആതിഥേയരായ ഇന്ത്യയും ലീഗിൽ മത്സരിക്കണം. ഇംഗ്ലണ്ടും അയർലൻഡും തമ്മിൽ വ്യാഴാഴ്ച തുടങ്ങുന്ന ഏകദിന പരമ്പരയോടെ ലീഗിനു തുടക്കമാകുക. 2022 മാർച്ചിൽ ലീഗ് സമാപിക്കും.<

13 ടീമുകൾ ലീഗിലുണ്ടാകും. ഐസിസിയിൽ സമ്പൂർണ അംഗങ്ങളായ 12 ടീമുകളും ലോക ക്രിക്കറ്റ് സൂപ്പർ ലീഗിലൂടെ വരുന്ന നെതർലൻഡ്സും. ഓരോ ടീമും 3 മത്സരങ്ങളടങ്ങിയ 4 പരമ്പരകൾ വീതം സ്വന്തം നാട്ടിലും വിദേശത്തുമായി കളിക്കണം.ലീഗിൽ ആദ്യ 7 സ്ഥാനങ്ങളിലെത്തുന്ന ടീമുകളും ആതിഥേയരായ ഇന്ത്യയും നേരിട്ടു ലോകകപ്പിലേക്ക്. പിന്നെയുള്ളതു രണ്ട് സ്ഥാനങ്ങൾ. അതിനായി മറ്റൊരു യോഗ്യതാ റൗണ്ട്. സൂപ്പർ ലീഗിൽനിന്നു പുറത്താകുന്ന 5 ടീമുകളും 5 അസോഷ്യേറ്റ് രാജ്യങ്ങളും തമ്മിലാണ് ആ യോഗ്യതാ പോരാട്ടം. ഓരോ ജയത്തിനും 10 പോയിന്റ്. ‘ടൈ’ വന്നാലോ മത്സരം ഉപേക്ഷിച്ചാലോ ഓരോ ടീമിനും 5 പോയിന്റ് വീതം. പോയിന്റ് അടിസ്ഥാനമാക്കിയായിരിക്കും റാങ്കിംഗ്.