Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് തണുത്ത സാന്‍ഡ്‌വിച്ച്; ഒടുവില്‍ മൗനം വെടിഞ്ഞ് ഐസിസി

തണുത്ത ഭക്ഷണങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍  ടീം അംഗങ്ങള്‍ ഉച്ചഭക്ഷണം ബഹിഷ്കരിച്ച് പ്രതിഷേധിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്

ICC official reacts to Team India skipped food in Sydney in T20 World Cup 2022
Author
First Published Oct 26, 2022, 5:34 PM IST

സിഡ്‌നി: ട്വന്‍റി 20 ലോകകപ്പിൽ നെതർലൻഡ്സിനെ നേരിടാന്‍ സിഡ്‌നിയില്‍ എത്തിയ ടീം ഇന്ത്യക്ക് ഒരുക്കിയ സൗകര്യങ്ങള്‍ കുറഞ്ഞുപോയത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. വേദിയില്‍ നിന്ന് 42 കിലോമീറ്റര്‍ ദൂരെയായിരുന്നു ടീമിന് താമസമൊരുക്കിയത്. സിഡ്‌നിയിലെ പരിശീലനത്തിന് ശേഷം താരങ്ങള്‍ക്ക് നല്‍കിയ ഭക്ഷണം മോശമായിരുന്നു എന്നതായിരുന്നു മറ്റൊരു പ്രധാന പരാതി. ഗുണനിലവാരമില്ലാത്ത തണുത്ത സാൻഡ്‍വിച്ചുകൾ ഇന്ത്യന്‍ ടീമിന് വിതരണം ചെയ്‌തു എന്നാണ് ആക്ഷേപം. ഈ ആക്ഷേപം സജീവമായിരിക്കേ പ്രതികരിച്ചിരിക്കുകയാണ് ലോകകപ്പ് സംഘാടകരായ ഐസിസി. 

'പ്രാക്‌ടീസിന് ശേഷം ലഭിച്ച ഭക്ഷണത്തെ കുറിച്ച് ഇന്ത്യന്‍ ടീം സംസാരിച്ചിട്ടുണ്ട്. പ്രശ്‌നമെന്താണ് കണ്ടെത്താനും പരിഹരിക്കാനുമുള്ള ശ്രമങ്ങളിലാണ്. ഉച്ചഭക്ഷണത്തിന് ശേഷം ഐസിസി ചൂട് ഭക്ഷണങ്ങള്‍ ഒന്നും നല്‍കുന്നില്ല. രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പരയില്‍ ആതിഥേയ അസോസിയേഷനാണ് ഭക്ഷണം ഒരുക്കുന്നത്. തീര്‍ച്ചയായും ചൂടോടെ ഇന്ത്യന്‍ ഭക്ഷണപദാര്‍ഥങ്ങള്‍ താരങ്ങള്‍ക്കുണ്ടാകും. എന്നാല്‍ ഐസിസി ടൂര്‍ണമെന്‍റുകളില്‍ രീതികള്‍ എല്ലാ ടീമിനും ഒരുപോലെയാണ്' എന്നും ഐസിസി വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 

കഴിക്കാന്‍ തണുത്ത സാന്‍ഡ്‌വിച്ച്

തണുത്ത ഭക്ഷണങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍  ടീം അംഗങ്ങള്‍ ഉച്ചഭക്ഷണം ബഹിഷ്കരിച്ച് പ്രതിഷേധിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്.  ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് പരിശീലനത്തിന് ശേഷം നല്‍കിയതെന്നും കഠിനമായ പരിശീലനത്തിനുശേഷം വരുമ്പോള്‍ സാന്‍ഡ്‌വിച്ച് മാത്രം മതിയാവില്ലെന്നും ഇന്ത്യന്‍ ടീം അംഗം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ടീമിന് ചൊവ്വാഴ്ച നിര്‍ബന്ധിത പരിശീലനമില്ലായിരുന്നെങ്കിലും വിരാട് കോലി, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ഹൂഡ, എന്നിവരെല്ലാം സിഡ്നിയില്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ട്വന്‍റി ടി20 ലോകകപ്പില്‍ ഇന്ത്യ നാളെ നെതർലൻഡ്സിനെ നേരിടും. 

കഴിക്കാന്‍ നല്‍കിയത് തണുത്ത സാന്‍ഡ്‌വിച്ച്, ഉച്ച ഭക്ഷണം ബഹിഷ്കരിച്ച് പ്രതിഷേധിച്ച് ടീം ഇന്ത്യ

Latest Videos
Follow Us:
Download App:
  • android
  • ios