പരമ്പരയിലെ പിച്ചുകളെല്ലാം പേസര്‍മാരെ തുണക്കുന്നതായിരുന്നു.

ദുബായ്: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കുവേണ്ടിയുള്ള ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ പിച്ചുകളുടെ റേറ്റിംഗ് പുറത്തുവിട്ട് ഐസിസി. പരമ്പരയിലെ അവസാന ടെസ്റ്റ് നടന്ന സിഡ്നിയിലെ ഒഴികെയുള്ള നാലു മത്സരവേദികളിലെയും പിച്ചുകള്‍ക്ക് വളരെ മികച്ചത് എന്ന റേറ്റിംഗാണ് ഐസിസി നല്‍കിയത്. പെര്‍ത്ത്, അഡ്‌ലെയ്ഡ്, ബ്രിസ്ബേന്‍, മെല്‍ബണ്‍ പിച്ചുകള്‍ക്കാണ് വെരി ഗുഡ് റേറ്റിംഗ് ലഭിച്ചത്. എന്നാല്‍ മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തിയായ സിഡ്നി ടെസ്റ്റിലെ പിച്ചിന് തൃപ്തികരമെന്ന റേറ്റിംഗാണ് ഐസിസി നല്‍കിയിരിക്കുന്നത്.

പരമ്പരയിലെ പിച്ചുകളെല്ലാം പേസര്‍മാരെ തുണക്കുന്നതായിരുന്നു. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 150 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ഓസ്ട്രേലിയ 104 റണ്‍സിന് പുറത്തായി. എന്നാല്‍ ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ പിന്നീട് ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 487 റണ്‍സടിച്ചപ്പോള്‍ ഓസ്ട്രേലിയ 238 റണ്‍സിന് ഓള്‍ ഔട്ടായി. അഡ്‌ലെയ്ഡില്‍ നടന്ന ഡേ നൈറ്റ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ180 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഓസ്ട്രേലിയ 337 റണ്‍സടിച്ചു. രണ്ടാം ഇന്നിംഗ്സിലും തകര്‍ന്നടിഞ്ഞ ഇന്ത്യ 175ന് പുറത്തായപ്പോള്‍ വിജയലക്ഷ്യമായ 19 റണ്‍സ് വിക്കറ്റ് നഷ്മില്ലാതെ അടിച്ചെടുത്തു.

എഴുതി വെച്ചോളു, ഓസ്ട്രേലിയയിൽ ടെസ്റ്റ് കളിക്കാൻ വിരാട് കോലി വീണ്ടുമെത്തും; വമ്പൻ പ്രവചവുമായി രവി ശാസ്ത്രി

മഴ പലവട്ടം വില്ലനായ ബ്രിസ്ബേനിലെ മൂന്നാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 445 റണ‍്‍സടിച്ചപ്പോൾ ഇന്ത്യക്ക് 260 റണ്‍സെ നേടാനായുള്ളു. രണ്ടാം ഇന്നിംഗ്സില്‍ 89-7ലേക്ക് വീണെങ്കിലും ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റണ്‍സെടുത്ത് മത്സരം സമനിലയാക്കി. മെല്‍ബണില്‍ നടന്ന നാലാം ടെസ്റ്റിലാകട്ടെ ആദ്യ ഇന്നിംഗ്സില്‍ ഓസീസ് 474 റണ്‍സടിച്ചപ്പോള്‍ ഇന്ത്യ 369 റൺസെടുത്തു. രണ്ടാം ഇന്നിംഗ്സില്‍ ഓസീസ് 234ന് പുറത്തായപ്പോള്‍ ഇന്ത്യ 155 റണ്‍സിന് ഓള്‍ ഔട്ടായി 184 റണ്‍സിന്‍റെ തോല്‍വി വഴങ്ങി.

ഓസ്ട്രേലിയയിലെ തോല്‍വി വിലയിരുത്താന്‍ ബിസിസിഐ, ഗംഭീര്‍ സേഫാകും; ഇംഗ്ലണ്ട് പരമ്പരയിലും രോഹിത്തും കോലിയും തുടരും

സിഡ്നിയില്‍ സാധാരണഗതിയില്‍ ബാറ്റിംഗിനും സ്പിന്നര്‍മാര്‍ക്കും അനുകൂലമായ പിച്ചാണ് ലഭിക്കാറുള്ളതെങ്കില്‍ ഇത്തവണ പേസ് പിച്ചാണ് ഒരുക്കിയിരുന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 185ന് ഓള്‍ ഔട്ടായപ്പോള്‍ ഓസീസ് 181 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 157 റണ്‍സിന് ഓൾ ഔട്ടായപ്പോള്‍ 162 റണ്‍സ് വിജയലക്ഷ്യം ഓസീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്ത് പരമ്പര 3-1ന് സ്വന്തമാക്കുകയായിരുന്നു. മൂന്ന് ദിവസം കൊണ്ടാണ് സിഡ്നി ടെസ്റ്റ് അവസാനിച്ചത്. ഇതാണ് പിച്ചിന് തൃപ്തികരമെന്ന റേറ്റിംഗ് ലഭിക്കാന്‍ കാരണമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക