മഴയത്ത് വെള്ളംനിറഞ്ഞ മൈതാനത്തെ ഇവരുടെ ക്രിക്കറ്റ് കളി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ആരാധകര്‍ക്കായി പങ്കുവെച്ചു

നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ കുറച്ച് പയ്യന്‍മാര്‍ ഇപ്പോള്‍ ലോകമറിയുന്ന ക്രിക്കറ്റ് താരങ്ങളാണ്. മഴയത്ത് ഇളംതണുപ്പില്‍ വെള്ളംനിറഞ്ഞ മൈതാനത്തെ ഇവരുടെ ക്രിക്കറ്റ് കളി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) ട്വീറ്റ് ചെയ്‌തതോടെയാണിത്. നനഞ്ഞ പന്തില്‍ പരിശീലനം നടത്തുന്നത് മികച്ച ക്രിക്കറ്റ് താരങ്ങളാക്കി മാറ്റുമെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു എന്ന കുറിപ്പോടെയായിരുന്നു ഐസിസിയുടെ ട്വീറ്റ്. 

തേക്ക് മരങ്ങള്‍ക്ക് പ്രസിദ്ധമായ നിലമ്പൂരില്‍ മഴയത്തുള്ള ഹരിതാഭമായ ക്രിക്കറ്റ് മത്സരത്തിന്‍റെ ചിത്രം കാണാം. ജസ്റ്റിന്‍ ലൂക്കോസാണ് ചിത്രം പകര്‍ത്തിയത്. ചിത്രത്തെയും താരങ്ങളെയും പ്രശംസിച്ച് നിരവധി പേര്‍ കമന്‍റ് ബോക്‌സില്‍ രംഗത്തെത്തി. 'ഐസിസി ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു' എന്നായിരുന്നു ഒരു കമന്‍റ്. 'ഞങ്ങൾക്ക് ഇവിടെ മാത്രമല്ല അങ്ങ് കേന്ദ്രത്തിലും പിടിപാട് ഒക്കെ ഉണ്ടേ' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. വിഖ്യാതമാണ് നിലമ്പൂര്‍ തേക്ക് എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്‌തു ചിലര്‍.