Asianet News MalayalamAsianet News Malayalam

സെപ്റ്റംബറിലെ ഐസിസി താരമാവാന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടറും; ചുരുക്കപ്പട്ടികയായി

ഏഷ്യാ കപ്പിനുള്ള ടീമില്‍ ഇല്ലാതിരുന്ന അക്സര്‍ അതിനുശേഷം നടന്ന ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ പരമ്പരകളില്‍ ബൗളിംഗില്‍ തിളങ്ങിയിരുന്നു.

ICC shortlists 3 players for Men's Player of the Month award for September
Author
First Published Oct 5, 2022, 5:24 PM IST

ദുബായ്: സെപ്റ്റംബറിലെ ഐസിസി താരത്തെ തെരഞ്ഞെടുക്കാനുള്ള ചുരുക്കപ്പടികയായി. ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേലും മൂന്നുപേരുടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടി. അക്സറിന് പുറമെ പാക് ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍, ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവരാണ് പട്ടികയിലുള്ളത്. ടി20 ലോകകപ്പിന് മുന്നോടിയായി ടീമുകളെല്ലാം ടി20 പരമ്പരകള്‍ കളിക്കുന്നതിനാല്‍ ടി20 ക്രിക്കറ്റിലെ പ്രകടനങ്ങളാണ് ഇത്തവണ സെപ്റ്റംബറിലെ താരത്തെ തെരഞ്ഞെടുക്കാന്‍ ഐസിസി പരിഗണിച്ചത്.

വിട്ടുമാറാത്ത തലവേദനയായി ഡെത്ത് ഓവര്‍; ഇരുത്തിച്ചിന്തിക്കണമെന്ന് സമ്മതിച്ച് രോഹിത് ശര്‍മ്മ

ഏഷ്യാ കപ്പിനുള്ള ടീമില്‍ ഇല്ലാതിരുന്ന അക്സര്‍ അതിനുശേഷം നടന്ന ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ പരമ്പരകളില്‍ ബൗളിംഗില്‍ തിളങ്ങിയിരുന്നു. ഓസ്ട്രേലിയക്കെതിരെ മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരെല്ലാം റണ്‍ വഴങ്ങിയപ്പോള്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അക്സര്‍ നാഗ്പൂരിലെ രണ്ടാം മത്സരത്തില്‍ 13 റണ്‍സിന് രണ്ട് വിക്കറ്റും ഹൈദരാബാദില്‍ നടന്ന മൂന്നാം മത്സരത്തില്‍ മൂന്ന് വിക്കറ്റുമടക്കം എട്ടു വിക്കറ്റുമായി പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇതിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയില്‍ തിരുവനന്തപുരത്ത് നടന്ന ആദ്യ മത്സരത്തില്‍ നാലോവറില്‍ 16 റണ്‍സ് മാത്രമാണ് അക്സര്‍ വഴങ്ങിയത്.  ഏഷ്യാ കപ്പില്‍ 281 റണ്‍സുമായി ടോപ് സ്കോററായ പാക്കിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാ‌ന്‍ കഴിഞ്ഞ പത്തു മത്സരങ്ങളില്‍ ഏഴ് അര്‍ധസെഞ്ചുറി നേടി. ഏഷ്യാ കപ്പിനുശേഷം നടന്ന ഇംഗ്ലണ്ടിനെതിരായ ഏഴ് മത്സര ടി20 പരമ്പരയിലും 316 റണ്‍സുമായി റിസ്‌വാന്‍ ടോപ് സ്കോററായിരുന്നു.

സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തെ സഞ്ജു നയിക്കും

അതേസമയം, ഓസ്ട്രേലിയയുടെ ലോകകപ്പ് ടീമിലില്ലാത്ത കാമറൂണ്‍ ഗ്രീന്‍ ആകട്ടെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ പരിക്കിനെ അവഗണിച്ച് 89 റണ്‍സടിച്ച് തിളങ്ങി. ഇതിനുശേഷം ഇന്ത്യക്കെതിരെ നടന്ന ടി20 പരമ്പരയില്‍ ഡേവിഡ് വാര്‍ണര്‍ക്ക് പകരം ഓപ്പണറായി ഇറങ്ങിയ ഗ്രീന്‍ ആദ്യ മത്സരത്തില്‍ 30 പന്തില്‍ 61 ഉം, രണ്ടാം മത്സരത്തില്‍ 21 പന്തില്‍ 52 ഉം റണ്‍സടിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios