ദുബായ്: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ മിന്നും പ്രകടനത്തോടെ ടി20 റാങ്കിംഗില്‍ വമ്പന്‍ കുതിപ്പുമായി ഇന്ത്യന്‍ ബൗളര്‍മാര്‍. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ അഞ്ച് വിക്കറ്റെടുത്ത നവദീപ് സെയ്നി 146 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 98-ാം സ്ഥാനത്തെത്തി. പരമ്പരയില്‍ അഞ്ച് വിക്കറ്റെടുത്ത ഷര്‍ദ്ദുല്‍ ഠാക്കൂര്‍ 92-ാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പരിക്കിന്റെ ഇടവേളക്കുശേഷം ടീമില്‍ തിരിച്ചെത്തിയ ജസ്പ്രീത് ബുമ്ര എട്ട് സ്ഥാനങ്ങള്‍ കയറി 39-ാം സ്ഥാനത്തെത്തി.

ബാറ്റിംഗ് റാങ്കിംഗില്‍ ആറാം സ്ഥാനത്തുള്ള കെ എല്‍ രാഹുലാണ് ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്‍. നേരത്തെ ആറാം സ്ഥാനത്തായിരുന്ന രാഹുല്‍ അഞ്ചാം റാങ്കിലുള്ള ഗ്ലെന്‍ മാക്സ്‌വെല്ലുമായുള്ള അകലം ആറ് റേറ്റിംഗ് പോയന്റായി കുറച്ചു. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ക്യാപ്റ്റന്‍ വിരാട് കോലി ഒമ്പതാം സ്ഥാനത്തുണ്ട്. ബാറ്റിംഗില്‍ ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരുമില്ല.

തിരിച്ചുവരവില്‍ തിളങ്ങിയ ശിഖര്‍ ധവാന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി പതിനഞ്ചാം സ്ഥാനത്താണ്. നാലു സ്ഥാനം മെച്ചപ്പെടുത്തിയ മനീഷ് പാണ്ഡെ എഴുപതാം സ്ഥാനത്താണ്. പാക്കിസ്ഥാന്റെ ബാബര്‍ അസം തന്നെയാണ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാമത്. ആരോണ്‍ ഫിഞ്ച് രണ്ടാമതും ഡേവിഡ് മലന്‍ മൂന്നാം സ്ഥാനത്തുമാണ്. ശ്രീലങ്കക്കെതിരായ പരമ്പര നേടിയെങ്കിലും ടീം റാങ്കിംഗില്‍ ഇന്ത്യ ഇപ്പോഴും അഞ്ചാം സ്ഥാനത്താണ്.