ടി20 ലോകകപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനുള്ള ടീമിനെ ഒരു ദിവസം മുമ്പേ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ 

ദുബായ്: ടി20 ലോകകപ്പില്‍(ICC T20 World Cup 2021) ടീം ഇന്ത്യക്കെതിരായ(Team India) സൂപ്പര്‍ 12 പോരാട്ടത്തിന് ഒരു ദിവസം മുമ്പേ ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍(Pakistan). ബാറ്റിംഗ് ഹീറോ ബാബര്‍ അസം(Babar Azam) നായകനായി 12 അംഗ ടീമിനെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം അനൗണ്‍സ് ചെയ്തത്. 

ബാബര്‍ നയിക്കുന്ന ബാറ്റിംഗ് നിരയില്‍ ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, മുഹമ്മദ് റിസ്‌വാന്‍ എന്നിവര്‍ പിന്നാലെയെത്തും. റിസ്‌വാനായിരിക്കും വിക്കറ്റ് കീപ്പര്‍. ഓള്‍റൗണ്ടര്‍മാരായി ഇമാദ് വസീമിനും ഷദാബ് ഖാനും പുറമെ വെറ്ററന്‍ താരങ്ങളായ മുഹമ്മദ് ഹഫീസും ഷൊയൈബ് മാലിക്കുമുണ്ട്. ഹാരിസ് റൗഫ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍. ടോസ് വേളയില്‍ പിച്ചിലെ സാഹചര്യം പരിഗണിച്ചാവും പ്ലേയിംഗ് ഇലവനെ പ്രഖ്യാപിക്കുക. 

ചരിത്രം കോലിപ്പടയ്‌ക്ക് അനുകൂലം

ഞായറാഴ്ച്ച ദുബായിലാണ് ഇന്ത്യ-പാക് സൂപ്പര്‍പോരാട്ടം. ലോകകപ്പ് വേദികളില്‍ പാകിസ്ഥാന് ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പില്‍ ഏഴ് തവണ ഇരുവരും മുഖാമുഖം വന്നപ്പോള്‍ നിരാശയായിരുന്നു പാകിസ്ഥാന് ഫലം. ടി20 ലോകകപ്പില്‍ അഞ്ച് തവണ പരസ്‌പരം ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി. ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും ആധികാരിക ജയം നേടിയാണ് ഇന്ത്യ വരുന്നത്. 

കഴിഞ്ഞ 10 വര്‍ഷത്തെ അന്താരാഷ്‌ട്ര ടി20 ചരിത്രമെടുത്താലും പാകിസ്ഥാന് മേല്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. 129 മത്സരങ്ങള്‍ കളിച്ച പാകിസ്ഥാന്‍ 59.7 വിജയശരാശരിയില്‍ 77 കളികളിലാണ് ജയം രുചിച്ചത്. 45 മത്സരങ്ങള്‍ തോറ്റപ്പോള്‍ രണ്ടെണ്ണം സമനിലയിലും അഞ്ചെണ്ണം ഫലമില്ലാതെയും അവസാനിച്ചു. ഇതേ കാലയളവില്‍ ടീം ഇന്ത്യയുടെ വിജയശരാശരി 63.5 ആണ്. ഇന്ത്യ 115 കളികളില്‍ 73 ജയവും രണ്ട് സമനിലയും നേടിയപ്പോള്‍ 37 മത്സരങ്ങള്‍ മാത്രമാണ് തോറ്റത്. മൂന്ന് കളികളില്‍ ഫലമറിഞ്ഞില്ല. 

ഇന്ത്യന്‍ സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ഷർദ്ദുൽ ഠാക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

ടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസീസ്, 119 റണ്‍സ് വിജയലക്ഷ്യം