ഏറ്റവും പുതിയ റാങ്കിംഗില്‍ 906 റേറ്റിംഗ് പോയിന്‍റുമായാണ് സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്
ദുബായ്: ഐസിസി ട്വന്‍റി 20 റാങ്കിംഗില്‍ പുരുഷ ബാറ്റര്‍മാരില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് തലപ്പത്ത് തുടരുന്നു. എന്നാല്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള പാക് സഖ്യം മുഹമ്മദ് റിസ്‌വാനും ബാബര്‍ അസമും സൂര്യക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. പുതുക്കിയ റാങ്കിംഗില്‍ ദേവോണ്‍ കോണ്‍വേയെ പിന്തള്ളി ബാബര്‍ മൂന്നാം സ്ഥാനത്തേക്കുയരുകയായിരുന്നു.
ഏറ്റവും പുതിയ റാങ്കിംഗില്‍ 906 റേറ്റിംഗ് പോയിന്‍റുമായാണ് സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാമതുള്ള മുഹമ്മദ് റിസ്‌വാന് 811 ഉം മൂന്നാമന്‍ ബാബര്‍ അസമിന് 755 ഉം റേറ്റിംഗ് പോയിന്‍റുകളുണ്ട്. ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയില്‍ കളിക്കാതിരുന്നത് ന്യൂസിലന്‍ഡ് ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയ്‌ക്ക് തിരിച്ചടിയായി. ഇതോടെ കോണ്‍വേയെ പിന്നിലാക്കി ബാബര്‍ മൂന്നാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. സൂര്യക്ക് പുറമെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരാരുമില്ല. ഏയ്‌ഡന്‍ മര്‍ക്രാം നാലും ദേവോണ്‍ കോണ്‍വേ അഞ്ചും റൈലി റൂസ്സോ ആറും മുഹമ്മദ് വസീം ഏഴും ഡേവിഡ് മലാന്‍ എട്ടും ആരോണ്‍ ഫിഞ്ച് ഒന്‍പതും ജോസ് ബട്‌ലര്‍ പത്തും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
ബൗളര്‍മാരില്‍ ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഇരുപത്തിരണ്ട് വയസുകാരനായ ലങ്കന്‍ സ്‌പിന്നര്‍ മഹീഷ് തീക്‌ഷന കരിയറിലെ ഉയര്‍ന്ന അഞ്ചാം സ്ഥാനത്തെത്തി. അഫ്‌ഗാന്‍ താരങ്ങളായ റാഷിദ് ഖാന്‍ ഒന്നും(710), ഫസല്‍ഹഖ് ഫറൂഖി രണ്ടും(692), ഓസീസിന്‍റെ ജോഷ് ഹേസല്‍വുഡ്(690) മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ലങ്കന്‍ താരങ്ങളായ വനിന്ദു ഹസരങ്ക(686) നാലും മഹീഷ് തീക്‌ഷന(684) അഞ്ചും സ്ഥാനങ്ങളിലുണ്ട്. ന്യൂസിലന്‍ഡിനെതിരെ ഏറെ റണ്‍സ് വഴങ്ങിയ ഹസരങ്ക രണ്ട് സ്ഥാനങ്ങള്‍ നഷ്‌ടപ്പെട്ട് നാലാം സ്ഥാനത്തേക്കിറങ്ങിയപ്പോഴാണ് ഫറൂഖിയും ഹേസല്‍വുഡും മേല്‍പ്പോട്ട് കയറിയത്. ആദ്യ പത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ആരുമില്ല എന്നത് ശ്രദ്ധേയമാണ്.
ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസന്‍ 269 റേറ്റിംഗ് പോയിന്‍റുമായി തലപ്പത്ത് തുടരുമ്പോള്‍ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യയാണ്(250) രണ്ടാം സ്ഥാനത്ത്. അഫ്‌ഗാനിസ്ഥാന്‍റെ മുഹമ്മദ് നബി 230 പോയിന്‍റുമായി മൂന്നാമത് നില്‍ക്കുന്നു.
Read more: പരാഗ് എന്തുകൊണ്ട് നാലാം നമ്പറില്‍ ഇറങ്ങുന്നു, രാജസ്ഥാന് മാത്രമേ അറിയൂ; പരിഹസിച്ച് ചോപ്ര
