ബൗളര്‍മാരുടെ റാങ്കിംഗില്‍ ഓസീസ് സ്പിന്നര്‍ ആദം സാംപ(Adam Zampa) രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ ലോകകപ്പ് ഫൈനലില്‍ ഓസീസിനായി തിളങ്ങിയ ജോഷ് ഹേസല്‍വുഡ്( Josh Hazlewood) അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ദുബായ്: ടി20 ലോകകപ്പിന്(T20 World Cup) പിന്നാലെ പുറത്തുവിട്ട ഐസിസി ടി20 റാങ്കിംഗില്‍(ICC T20 Rankings‌‌) നേട്ടമുണ്ടാക്കി പാക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനും(Mohammad Rizwan) ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും(Mitchell Marsh). ബാറ്റര്‍മാരുടെ റാങ്കിംഗില്‍ റിസ്‌വാന്‍ ഇന്ത്യയുടെ കെ എല്‍ രാഹുലിനെ(KL Rahul) പിന്തള്ളി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മിച്ചല്‍ മാര്‍ഷ് പതിമൂന്നാം സ്ഥാനത്തെത്തി.

ബൗളര്‍മാരുടെ റാങ്കിംഗില്‍ ഓസീസ് സ്പിന്നര്‍ ആദം സാംപ(Adam Zampa) രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ ലോകകപ്പ് ഫൈനലില്‍ ഓസീസിനായി തിളങ്ങിയ ജോഷ് ഹേസല്‍വുഡ്( Josh Hazlewood) അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെ സെമിയില്‍ ഇംഗ്ലണ്ടിനെതിരെ പുറത്തെടുത്ത പ്രകടനത്തിന്‍റെ കരുത്തില്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ബാറ്റര്‍മാരുടെ റാങ്കിംഗില്‍ നാലാം സ്ഥാനത്തെത്തി. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഇംഗ്ലണ്ടിന്‍റെ ലിയാം ലിവിംഗ്‌സ്റ്റണ്‍ ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തിയതാണ് മറ്റൊരു ശ്രദ്ധേയ മാറ്റം.

ബാറ്റര്‍മാരുടെ റാങ്കിംഗില്‍ പാക് നായകന്‍ ബാബര്‍ അസം ഒന്നാമതും ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലന്‍ രണ്ടാം സ്ഥാനത്തുമുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഏയ്ഡന്‍ മാര്‍ക്രം ആണ് മൂന്നാമത്. ആറാം സ്ഥാനത്തുള്ള കെ എല്‍ രാഹുലും എട്ടാം സ്ഥാനത്തുള്ള വിരാട് കോലിയുമാണ് ആദ്യ പത്തിലെ ഇന്ത്യന്‍ സാന്നിധ്യങ്ങള്‍.

ബൗളര്‍മാരില്‍ ശ്രീലങ്കയുടെ വാനിന്ദ ഹസരങ്ക ആണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസി രണ്ടാമതും ഓസീസിന്‍റെ ആദം സാംപ മൂന്നാമതുമാണ്. ആദില്‍ റഷീദ് നാലാം സ്ഥാനത്തും റാഷിദ് ഖാന്‍ അഞ്ചാം സ്ഥാനത്തുമുള്ള റാങ്കിംഗില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലും സ്പിന്നര്‍മാരാണെന്ന പ്രത്യേകതയുമുണ്ട്. ബൗളര്‍മാരില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. 15-ാം സ്ഥാനത്തുള്ള ജസ്പ്രീത് ബുമ്രയാണ് ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഇന്ത്യന്‍ ബൗളര്‍.

Scroll to load tweet…

ഓള്‍ റൗണ്ടര്‍മാരില്‍ മുഹമ്മദ് നബി ഒന്നാമതും ഷാക്കിബ് അല്‍ ഹസന്‍ രണ്ടാമതുമാണ്. ഓള്‍ റൗണ്ടര്‍മാരിലും ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല.