ദുബായ്: ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു ബാറ്റ്സ്മാന്റെ ഏറ്റവും ഉയര്‍ന്ന സ്കോറായ 264 റണ്‍സ് രോഹിത് ശര്‍മ അടിച്ചെടുത്തതിന്റെ അഞ്ചാം വാര്‍ഷികമാണിന്ന്. 2014 നവംബര്‍ 13നായിരുന്നു ശ്രീലങ്കക്കെതിരെ രോഹിത്തിന്റെ റെക്കോര്‍ഡ് ഡബിള്‍ പിറന്നത്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ 173 പന്തില്‍ 264 റണ്‍സാണ് രോഹിത് നേടിയത്.

മത്സരത്തില്‍ നാലു റണ്‍സെടുത്തു നില്‍ക്കെ ഷാമിന്ദ എറങ്കയുടെ പന്തില്‍ രോഹിത് നല്‍കിയ ക്യാച്ച് തേര്‍ഡ് മാനില്‍ തിസാര പേരേര കൈവിട്ടിരുന്നു. എന്നാല്‍ ക്യാച്ച് കൈവിട്ടശേഷം പിന്നീട് രോഹിത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഒമ്പത് സിക്സറും 33 ബൗണ്ടറിയും പറത്തി ഡബിളടിച്ച രോഹിത്തിന്റെ മികവില്‍ ഇന്ത്യ 50 ഓവറില്‍ നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 404 റണ്‍സ്.

എന്നാല്‍ രോഹിത്തിന്റെ ഡബിള്‍ സെഞ്ചുറിയുടെ വാര്‍ഷിക ദിവസം ഐസിസി രോഹിത്തിനെ നൈസായി ഒന്ന് ട്രോളി.
രോഹിത്തിന്റെ റെക്കോര്‍ഡ് ഡബിളിനെക്കുറിച്ച് ട്വീറ്റ് ചെയ്ത ഐസിസി കൂട്ടത്തില്‍ ഇതുകൂടി കുറിച്ചു, ഇതിലെ ഏറ്റവും രസകരമായ കാര്യം നാലു റണ്‍സെടുത്തുനില്‍ക്കെ രോഹിത്തിനെ ശ്രീലങ്ക കൈവിട്ടിരുന്നു എന്നതാണെന്നായിരുന്നു ഐസിസിയുടെ ട്വീറ്റ്. ഇതിന് രസകരമായ പ്രതികരണങ്ങളുമായി ആരാധകരും രംഗത്തെത്തി.