ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കോലിപ്പടയുടെ കുതിപ്പ് തുടരുന്നു. ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയ്ക്ക് ശേഷം പ്രഖ്യാപിച്ച റാങ്കിംഗ് പ്രകാരം ഒന്നാംസ്ഥാനത്തുള്ള ടീം ഇന്ത്യക്ക് 360 പോയിന്‍റുകളുണ്ട്. പാകിസ്ഥാനെ ആദ്യ ടെസ്റ്റില്‍ പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയ 116 പോയിന്‍റുമായി രണ്ടാം സ്ഥാനത്തെത്തി.

ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ 2-0ന്‍റെ സമ്പൂര്‍ണ ജയമാണ് വിരാട് കോലിയും സംഘവും നേടിയത്. നേരത്തെ വിന്‍ഡീസിനും ദക്ഷിണാഫ്രിക്കയ്‌ക്കും എതിരായ പരമ്പരകളും ടീം ഇന്ത്യ തൂത്തുവാരിയിരുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റാങ്കിംഗില്‍ മൂന്നാമതും നാലാമതുമുള്ള ന്യൂസിലന്‍ഡിനും ശ്രീലങ്കയ്‌ക്കും 60 പോയിന്‍റ് വീതമാണുള്ളത്. 

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 46 റണ്‍സിനുമാണ് ടീം ഇന്ത്യ വിജയിച്ചത്. സ്‌കോര്‍: ബംഗ്ലാദേശ്-106& 195, ഇന്ത്യ-347/9 decl. ആറിന് 152 എന്ന നിലയില്‍ മൂന്നാംദിനം ആരംഭിച്ച ബംഗ്ലാദേശിന് 46 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ എല്ലാം വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു.