ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്ന്‍ ഒന്നാമതും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് രണ്ടാമതും ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് മൂന്നാമതുമുള്ള ബാറ്റിംഗ് റാങ്കിംഗില്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണാണ് നാലാം സ്ഥാനത്ത്.
ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍(ICC Test Rankings) വന്‍ കുതിപ്പുമായി പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം(Babar Azam). ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ സെഞ്ചുറിയോടെ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ ബാബര്‍ അഞ്ചാം റാങ്കിലെത്തി. ശ്രീലങ്കന്‍ നായകന്‍ കരുണരത്നെയെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബാബറിന്‍റെ മുന്നേറ്റം.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തീര്‍ത്തും നിറം മങ്ങിയ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒമ്പതാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ നായകന്‍ രോഹിത് ശര്‍മ ഒരു സ്ഥാനം താഴേക്കിറങ്ങി ഏഴാം സ്ഥാനത്താണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത് പത്താം സ്ഥാനം നിലനിര്‍ത്തി.
ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്ന്‍ ഒന്നാമതും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് രണ്ടാമതും ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് മൂന്നാമതുമുള്ള ബാറ്റിംഗ് റാങ്കിംഗില്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണാണ് നാലാം സ്ഥാനത്ത്.
ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ബാബര്‍ ഒന്നാമതും കോലി രണ്ടാമതുമാണ്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഒരു സ്ഥാനം താഴേക്കിറങ്ങി നാലാം സ്ഥാനത്തേക്ക് വീണപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡി കോക്ക് മൂന്നാം സ്ഥാനത്തേക്ക് കയറി. കോലിയും രോഹിത്തും മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍. ഏകദിന ബൗളര്‍മാരില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര ആറാം സ്ഥാനത്തുണ്ട്.
അതേസമയം, ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. വെസ്റ്റ് ഇന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ജഡേജ വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യയുടെ രവിചന്ദ്ര അശ്വിനാണ് മൂന്നാം സ്ഥാനത്ത്. ടെസ്റ്റ് ബൗളര്‍മാരില്‍ പാറ്റ് കമിന്‍സ് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഇന്ത്യയുടെ രവിചന്ദ്ര അശ്വിന്‍ രണ്ടാമതും ജസ്പ്രീത് ബുമ്ര നാലാം സ്ഥാനത്തും തുടരുന്നു.
