ദുബായ്: ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് തികയ്ക്കുന്ന ഏഴാമത്തെ ബൗളറായതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിംഗിലും വമ്പന്‍ കുതിപ്പ് നടത്തി ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റില്‍ നിന്ന് 16 വിക്കറ്റുകള്‍ നേടിയ ബ്രോഡ് ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. 2016 ഓഗസ്റ്റിനുശേഷം ബ്രോഡിന്റെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗാണിത്. ഓസീസിന്റെ പാറ്റ് കമിന്‍സും ന്യൂസിലന്‍ഡിന്റെ നീല്‍ വാഗ്നറുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ടെസ്റ്റില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ ബ്രോഡ് ബാറ്റിംഗ് റാങ്കിംഗിലും ഏഴ് സ്ഥാനങ്ങള്‍ കയറി. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗിലും ബ്രോഡ് നേട്ടമുണ്ടാക്കി. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ബ്രോഡ് പതിനൊന്നാം സ്ഥാനത്തെത്തി. കൊവിഡിനെത്തുടര്‍ന്ന് മാര്‍ച്ച് മുതല്‍ മത്സര ക്രിക്കറ്റില്‍ കളിച്ചിട്ടില്ലാത്ത ഇന്ത്യന്‍ താരങ്ങള്‍ക്ക് ബാറ്റിംഗ് റാങ്കിംഗില്‍ മുന്‍ സ്ഥാനങ്ങളില്‍ തുടരുന്നു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തും ചേതേശ്വര്‍ പൂജാര എട്ടാം സ്ഥാനത്തും അജിങ്ക്യാ രഹാനെ പത്താം സ്ഥാനത്തും തുടരുന്നു. മാര്‍നസ് ലാബുഷെയ്നൊപ്പം മൂന്നാം സ്ഥാനം പങ്കിട്ടിരുന്ന ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ് ബാറ്റിംഗ് റാങ്കിംഗില്‍ നാലാം സ്ഥാനത്തേക്ക് ഇറങ്ങി.

ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ മൂന്നാമതും അശ്വിന്‍ അഞ്ചാമതുമാണ്. ബൗളിംഗ് റാങ്കിംഗില്‍ ബ്രോഡ് ആദ്യ പത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഇന്ത്യന്‍ പേസറായ ജസ്പ്രീത് ബുമ്ര ഒരു സ്ഥാനം താഴേക്കിറങ്ങി എട്ടാം സ്ഥാനത്തായി. ബൗളിംഗ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ബൗളര്‍ ഇംഗ്ലണ്ടിന്റെ ക്രിസ് വോക്സാണ്. വിന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റിലെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ വോക്സ് ഇരുപതാം സ്ഥാനത്തേക്ക് കയറി.

വിന്‍ഡീസിന്റെ കെമര്‍ റോച്ച് ഒരു സ്ഥാനം മെച്ചപ്പെടുത്തി പതിനഞ്ചാം സ്ഥാനത്തെത്തി. ബാറ്റിംഗ് റാങ്കിംഗിംലും ഇംഗ്ലീഷ് താരങ്ങള്‍ നേട്ടമുണ്ടാക്കി. ഇംഗ്ലണ്ടിനായി രണ്ട് ഇന്നിംഗ്സിലും അര്‍ധസെഞ്ചുറി നേടിയ റോറി ബേണ്‍സ് 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനേഴാം സ്ഥാനത്തെത്തി.