പൊച്ചെഫെസ്‌ട്രൂം: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യന്‍ ടീമിന് ആശംസകളുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 'ടീം ഇന്ത്യക്ക് ആശംസകള്‍ നേരുന്നു.  അവിസ്‌മരണീയ പ്രകടനം ടീം തുടരുമെന്നും ഇന്ത്യക്കായി കപ്പുയര്‍ത്തുമെന്നുമാണ് പ്രതീക്ഷ'യെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു. 

ദക്ഷിണാഫ്രിക്കയിലെ പൊച്ചെഫെസ്‌ട്രൂവില്‍ ഉച്ചയ്ക്ക് ഒന്നരയ്‌ക്കാണ് കളി തുടങ്ങുക. അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് യുവ ഇന്ത്യ അങ്കത്തിനിറങ്ങുന്നത്. അതേസമയം ആദ്യ ക്രിക്കറ്റ് ലോകകപ്പിന്‍റെ ഫൈനല്‍ ആവേശവുമായാണ് ബംഗ്ലാദേശ് കളത്തിലിറങ്ങുന്നത്. തോൽവി അറിയാതെയാണ് ഇരുടീമും കിരീടപ്പോരിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത്. സെമിയിൽ ഇന്ത്യ പാകിസ്ഥാനെ തരിപ്പണമാക്കിയപ്പോൾ ബംഗ്ലാദേശ് ആറ് വിക്കറ്റിന് ന്യൂസിലൻഡിനെ കീഴടക്കി. 

Read more: കിരീടം കാക്കാന്‍ ഇന്ത്യ, കന്നിക്കിരീടം ലക്ഷ്യമിട്ട് ബംഗ്ലാദേശ്; അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ ഇന്ന്

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. ഇതുവരെ നാലുതവണ ചാമ്പ്യന്‍മാരായ ഇന്ത്യയാണ് 2018ലെ അവസാന ലോകകപ്പിലും ജേതാക്കള്‍. ടൂര്‍ണമെന്‍റില്‍ ഇതിനകം 312 റണ്‍സ് നേടിയ യശസ്വി ജയ്സ്വാള്‍ ബാറ്റിംഗിലും കാർത്തിക് ത്യാഗി, സുശാന്ത് മിശ്ര, ആകാശ് സിംഗ്, രവി ബിഷ്‌ണോയി എന്നിവര്‍ ബൗളിംഗിലും ഇന്ത്യക്ക് കരുത്താകും. ഇതുവരെ ഏറ്റുമുട്ടിയ മത്സരങ്ങളില്‍ നാലില്‍ ഇന്ത്യയും ഒന്നില്‍ അയല്‍ക്കാരും വിജയിച്ചു.