അണ്ടർ 19 ലോകകപ്പ് ഏറ്റവും കൂടുതൽ തവണ നേടിയ ടീമാണ് ഇന്ത്യ, ഇക്കുറിയും വലിയ പ്രതീക്ഷയോടെ നീലപ്പട ഇറങ്ങുന്നു

ബ്ലൂംഫൗണ്ടെയിൻ: ദക്ഷിണാഫ്രിക്കയില്‍ ആരംഭിച്ച അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ശനിയാഴ്ച (20-01-2024) തുടക്കമാകും. ബ്ലൂംഫൗണ്ടെയിന്‍നിലെ മങ്ക്യാവു ഓവലില്‍ ഇന്ത്യ ആദ്യ മത്സരത്തിൽ അയൽക്കാരായ ബംഗ്ലാദേശിനെ നേരിടും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ബംഗ്ലാദേശ് കഴിഞ്ഞ മാസം നടന്ന അണ്ടർ 19 ഏഷ്യാകപ്പ് സെമിയിൽ ഇന്ത്യയെ തോൽപിച്ചിരുന്നു. അയർലൻഡും അമേരിക്കയുമാണ് ഗ്രൂപ്പ് എയിൽ ഇന്ത്യയുടെ മറ്റ് എതിരാളികൾ. 

നായകൻ ഉദയ് സഹറാൻ, ആരവല്ലി അവനിഷ്, മുഷീർ ഖാൻ എന്നിവരാണ് ഇന്ത്യയുടെ പ്രധാന ബാറ്റർമാർ. അർഷിൻ കുൽക്കർണി, സൗമി കുമാർ പാണ്ഡേ, ആരാധ്യ ശുക്ല എന്നിവർ ബൗളർമാരും. പുരുഷന്‍മാരുടെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ മികച്ച റെക്കോര്‍ഡുള്ള ടീമാണ് ഇന്ത്യ. 2000, 2008, 2012, 2018, 2022 വ‍ർഷങ്ങളില്‍ ഇന്ത്യ ചാമ്പ്യൻമാരായി. അണ്ടർ 19 ലോകകപ്പ് ഏറ്റവും കൂടുതൽ തവണ നേടിയ ടീമും ഇന്ത്യയാണ്. 2002ല്‍ മുഹമ്മദ് കൈഫിന്‍റെ നായകത്വത്തിലായിരുന്നു ഇന്ത്യയുടെ ആദ്യ കിരീടം. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്ക് ഇന്ത്യ അണ്ടര്‍ 19- ബംഗ്ലാദേശ് അണ്ടര്‍ 19 മത്സരം തല്‍സമയം സംപ്രേഷണം ചെയ്യും. ഡിസ്നി പ്ലസ് ഹോട്‌സ്റ്റാറിലൂടെയും മത്സരം ഇന്ത്യയില്‍ കാണാം. 

ഇന്ത്യന്‍ സ്ക്വാഡ്: ഉദയ് സഹറാന്‍ (ക്യാപ്റ്റന്‍), രുദ്ര പട്ടേല്‍, സച്ചിന്‍ ദാസ്, പ്രിയാന്‍ഷു മോളിയ, മുഷീര്‍ ഖാന്‍, അന്‍ഷ് ഗോസായ്, അര്‍ഷിന്‍ കുല്‍ക്കര്‍ണി, ആദര്‍ശ് സിംഗ്, സൗമി കുമാര്‍ പാണ്ഡേ (വൈസ് ക്യാപ്റ്റന്‍), ധനുഷ് ഗൗഡ, മുഹമ്മദ് അമാന്‍, ആരവല്ലി അവനിഷ് (വിക്കറ്റ് കീപ്പര്‍), ഇന്നേഷ് മഹാജന്‍ (വിക്കറ്റ് കീപ്പര്‍), മുരുഗന്‍ അഭിഷേക്, നമാന്‍ തിവാരി, രാജ് ലിംബാനി, പ്രേം ദേവ്‌കര്‍, ആരാധ്യ ശുക്ല. 

Read more: ഞാന്‍ ലബുഷെയ്‌ന് വേണ്ടി മാറികൊടുത്തതാണ്! ബൗണ്‍സര്‍ കൊണ്ട് ചോര തുപ്പിയ ഉസ്മാന്‍ ഖവാജയുടെ പ്രതികരണമിങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം