സഞ്ജു സാംസണെ ഓപ്പണിംഗ് റോളിലേക്ക് തിരികെ കൊണ്ടുവന്നാൽ കടുത്ത സമ്മർദ്ദം കാരണം തിളങ്ങാൻ സാധ്യതയില്ലെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. 

മുംബൈ: സഞ്ജു സാംസണെ വീണ്ടും ഓപ്പണിംഗ് സ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ തിളങ്ങാന്‍ സാധ്യതയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ ഇര്‍ഫാന്‍ പത്താന്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങളിലും സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയാണ് കളിച്ചത്. സഞ്ജു മുമ്പ് കളിച്ചിരുന്ന ഓപ്പണിംഗ് സ്ഥാനത്ത് ശുഭ്മാന്‍ ഗില്ലും. ഗില്ലിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ടി20 മത്സരത്തിലും തിളങ്ങാനായില്ല.

ഇതിനിടെയാണ് പത്താന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പത്താന്റെ വാക്കുകള്‍ ഇങ്ങനെ... ''ഗില്ലിന്റെ ബാറ്റില്‍ നിന്ന് റണ്‍സ് വരാതിരിക്കുന്നത് ഒരു മോശം സൂചനയാണ്. അത് അദ്ദേഹത്തിനും ടീം മാനേജ്മെന്റിനും മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. എന്തുചെയ്യണമെന്ന് അവര്‍ ചോദിക്കും. ഈ സാഹചര്യം കൂടുതല്‍ വഷളാകരുത്. റണ്‍സ് ഇനിയും വന്നില്ലെങ്കില്‍, സഞ്ജുവിനെ തിരികെ കൊണ്ടുവരേണ്ടി വരും. എന്നാല്‍, അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. കാരണം, വലിയ സമ്മര്‍ദ്ദം അദ്ദേഹത്തിനുണ്ടാവും. നിരവധി ചോദ്യങ്ങളുണ്ട്, ടീം മാനേജ്‌മെന്റ് സഞ്ജുവിലേക്ക് തിരിച്ചെത്തിയാല്‍, റണ്‍സ് നേടേണ്ടത് അദ്ദേഹത്തിന് വളരെ പ്രധാനമാണ്.'' പത്താന്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അടുത്ത മത്സരങ്ങളിലും വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയെ തന്നെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്നും കഴിഞ്ഞ ദിവസം പത്താന്‍ പറഞ്ഞിരുന്നു. സഞ്ജു സാംസണെ ടോപ് ഓര്‍ഡറില്‍ കളിപ്പിക്കാനായില്ലെങ്കില്‍ ജിതേഷിന് തന്നെ തുടര്‍ന്നുള്ള മത്സരങ്ങളിലും അവസരം കൊടുക്കന്നതാണ് ഉചിതമായ തീരുമാനമെന്നും ഇര്‍ഫാന്‍ പത്താന്‍ വ്യക്തമാക്കി.

സഞ്ജു കരിയറില്‍ കൂടുതലും ബാറ്റ് ചെയ്തിരിക്കുന്നത് ടോപ് ത്രീയിലാണ്. ഈ സാഹചര്യത്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്കിറങ്ങുന്നത് സഞ്ജുവിനെ സംബന്ധിച്ച് ബുദ്ധിമുട്ടാകും. ഏഷ്യാ കപ്പ് ഫൈനലില്‍ മധ്യനിരയില്‍ ഇറങ്ങി സഞ്ജു മികച്ച ഇന്നിംഗ്‌സ് കളിച്ചിരുന്നു. എങ്കിലും മധ്യനിരയില്‍ ജിതേഷ് വേണോ സഞ്ജു വേണോ എന്ന ചോദ്യമുയര്‍ന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ജിതേഷുമായി തുടരുന്നതായിരിക്കും ഉചിതം. ജിതേഷിന് പകരം വീണ്ടും സഞ്ജുവിനെ കളിപ്പിക്കുകയും പിന്നീട് വീണ്ടും ജിതേഷിനെ കളിപ്പിക്കുകയും ചെയ്താല്‍ അത് രണ്ട് താരങ്ങള്‍ക്കും ബുദ്ധിമുട്ടാകുമെന്നും പത്താന്‍ വിശദീകരിച്ചിരുന്നു.

YouTube video player