Asianet News MalayalamAsianet News Malayalam

U19 World Cup 2022 : വിസ്‍മയ സെഞ്ചുറികള്‍! രാജ് 162*, ആന്‍ഗ്രിഷ് 144; ഇന്ത്യക്ക് 405 റണ്‍സ്

മൂന്നാം വിക്കറ്റില്‍ 206 റണ്‍സിന്‍റെ അവിശ്വസനീയ കൂട്ടുകെട്ടുമായി റണ്‍മലയിലേക്ക് കൊണ്ടുപോവുകയായിരുന്നു സെഞ്ചുറിവീരന്‍മാരായ ആന്‍ഗ്രിഷ് രഘുവന്‍ഷിയും രാജ് ബാവയും

ICC Under 19 World Cup 2022 Angkrish Raghuvanshi Raj Bawa tons helps India U19 to huge total of 405 5 vs Uganda U19
Author
Trinidad and Tobago, First Published Jan 22, 2022, 10:25 PM IST

ട്രിനിഡാഡ്: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിലെ (ICC Under 19 World Cup 2022) അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഉഗാണ്ടയ്ക്കെതിരെ (Uganda U19) ഹിമാലയന്‍ സ്കോറുമായി ഇന്ത്യ (India U19). സെഞ്ചുറി നേടിയ ഓപ്പണർ ആന്‍ഗ്രിഷ് രഘുവന്‍ഷി (Angkrish Raghuvanshi) 144, രാജ് ബാവ (Raj Bawa) 162* എന്നിവരുടെ മികവില്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 405 റണ്‍സ് പടുത്തുയർത്തു. 

ഇതിഹാസ ബാറ്റ്സ്മാന്‍ ബ്രയാന്‍ ലാറയുടെ പേരിലുള്ള ട്രിനിഡാഡിലെ സ്റ്റേഡിയത്തില്‍ ഉഗാണ്ടയെ നിലംപരിശാക്കുകയായിരുന്നു ഇന്ത്യന്‍ ബാറ്റർമാർ. കൊവിഡ് കാരണം നായകന്‍ യഷ് ധൂള്‍ ഉള്‍പ്പടെ പല പ്രമുഖ താരങ്ങളും പുറത്തിരുന്ന മത്സരത്തില്‍ ഓപ്പണർ ഹർനൂർ സിംഗിനെ ടീം സ്കോർ 40ല്‍ നില്‍ക്കേ ഇന്ത്യക്ക് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ പകരക്കാരന്‍ നായകന്‍ നിഷാന്ത് സിന്ധുവിനും കാലിടറി. ഇരുവരും 15 റണ്‍സ് വീതമാണ് നേടിയത്. 

രണ്ട് വിക്കറ്റ് നഷ്ടമാകുമ്പോള്‍ 85-2 എന്ന നിലയിലായിരുന്ന ഇന്ത്യന്‍ അണ്ടർ 19 ടീമിനെ മൂന്നാം വിക്കറ്റില്‍ 206 റണ്‍സിന്‍റെ അവിശ്വസനീയ കൂട്ടുകെട്ടുമായി റണ്‍മലയിലേക്ക് കൊണ്ടുപോവുകയായിരുന്നു സെഞ്ചുറിവീരന്‍മാരായ ആന്‍ഗ്രിഷ് രഘുവന്‍ഷിയും രാജ് ബാവയും. 120 പന്തില്‍ 144 റണ്‍സെടുത്ത ആന്‍ഗ്രിഷ് 38-ാം ഓവറില്‍ പുറത്താകുംവരെ ഈ കൂട്ടുകെട്ട് നീണ്ടു. 40-ാം ഓവറില്‍ ടീം സ്കോർ 300 കടന്നു. 

പിന്നീടെത്തിയവരില്‍ കൗശല്‍ താംബെ 15ല്‍ മടങ്ങി. 22 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ദിനേഷ് ബാനയെ ബഗൂമ തകർപ്പന്‍ ക്യാച്ചില്‍ പുറത്താക്കിയെങ്കിലും രാജിന്‍റെ സ്വപ്ന ഇന്നിംഗ്‍സ് ഇന്ത്യയെ 50-ാം ഓവറില്‍ 400 കടത്തി. രാജ് 108 പന്തില്‍ 162* റണ്‍സും അനീശ്വർ ഒന്‍പത് പന്തില്‍ 12* റണ്‍സുമായി പുറത്താകാതെ നിന്നു. 

Follow Us:
Download App:
  • android
  • ios