മെയ് 30 മുതല്‍ ഇംഗ്ലണ്ടിലും വെയ്‌ല്‍സിലുമായാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ഏറ്റവും കൂടുതല്‍ ക്രിക്കറ്റ് ആരാധകര്‍ എത്തുക ഇന്ത്യയില്‍ നിന്ന്. 

ദില്ലി: ഏകദിന ലോകകപ്പിനായി ഇംഗ്ലണ്ടിലും വെയ്‌ല്‍സിലും ഏറ്റവും കൂടുതല്‍ ക്രിക്കറ്റ് ആരാധകര്‍ എത്തുക ഇന്ത്യയില്‍ നിന്ന്. ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍റെ കണക്കുകൂട്ടല്‍ പ്രകാരം 80,000ത്തോളം ഇന്ത്യക്കാര്‍ ലോകകപ്പ് കാണാന്‍ ഇംഗ്ലണ്ടില്‍ പറന്നിറങ്ങും. 

'ലോകകപ്പ് കാണാന്‍ ലോകമെങ്ങും നിന്ന് എത്ര പേര്‍ ഇംഗ്ലണ്ടിലേക്ക് പറക്കുമെന്ന് തങ്ങള്‍ക്ക് കൃത്യമായ കണക്കില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്നാണ് കൂടുതല്‍ പേര്‍ യാത്ര ചെയ്യുക എന്നുറപ്പ്. ഇന്ത്യയില്‍ ക്രിക്കറ്റിനോടുള്ള ആരാധനയും വിപണിയുമാണ് കാരണം. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള വിമാന സര്‍വീസും കാരണമാണെന്നും' ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍റെ വക്‌താവ് അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

മെയ് 30 മുതല്‍ ഇംഗ്ലണ്ടിലും വെയ്‌ല്‍സിലുമായാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ഓവലില്‍ ആതിഥേയരായ ഇംഗ്ലണ്ടും ശക്തരായ ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തോടെയാണ് ലോകകപ്പിന് തുടക്കമാകുക. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ജൂണ്‍ ആറിന് വൈരികളായ പാക്കിസ്ഥാനുമായി ഇന്ത്യക്ക് മത്സരമുണ്ട്.