മുംബൈ: ലോകപ്പ് ഇലവനെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ഇടം പിടിച്ച സച്ചിന്റെ ലോകകപ്പ് ഇലവനില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ എം എസ് ധോണിയില്ല എന്നതും ശ്രദ്ധേയമായി. സച്ചിന്‍ തെരഞ്ഞെടുത്ത ലോകകപ്പ് ഇലവനെ നയിക്കുന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയല്ല.

ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ആണ് സച്ചിന്റെ ലോകകപ്പ് ടീമിന്റെ നായകന്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും സച്ചിന്റെ ടീമിലുണ്ട്. കോലിക്ക് പുറമെ രോഹിത് ശര്‍മ, ഹര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവരാണ് സച്ചിന്റെ ലോകകപ്പ് ടീമില്‍ ഇടം നേടിയ ഇന്ത്യന്‍ താരങ്ങള്‍.

ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബെയര്‍ സ്റ്റോ ആണ് സച്ചിന്റെ ടീമില്‍ രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്. വില്യംസണ്‍ മൂന്നാമതും കോലി നാലാമതും എത്തുമ്പോള്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനാണ് അഞ്ചാം നമ്പറില്‍. ബെന്‍ സ്റ്റോക്സ്, ഹര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഫ്ര ആര്‍ച്ചര്‍, ജസ്പ്രീത് ബുമ്ര എന്നിവരാണ് സച്ചിന്റെ ടീമിലുള്ള മറ്റ് താരങ്ങള്‍.

സച്ചിന്‍ തെരഞ്ഞെടുത്ത ലോകകപ്പ് ടീം: രോഹിത് ശര്‍മ, ജോണി ബെയര്‍ സ്റ്റോ, കെയ്ന്‍ വില്യംസണ്‍, വിരാട് കോലി, ഷാക്കിബ് അല്‍ ഹസന്‍, ബെന്‍ സ്റ്റോക്സ്, ഹര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഫ്ര ആര്‍ച്ചര്‍, ജസ്പ്രീത് ബുമ്ര.