ലോകകപ്പ് ടീമുകളില്‍ ഇടംപിടിച്ച സര്‍പ്രൈസ് താരങ്ങളുടെ പ്രകടമാകും ആവേശത്തോടെ ആരാധകര്‍ കാത്തിരിക്കുന്നത്. ആ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

ദുബായ്: ഏകദിന ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക സ‌്ക്വാഡുകളെ ടീമുകളെല്ലാം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇവരില്‍ ആരൊക്കെയാവും ലോകകപ്പിന്‍റെ താരങ്ങളാവുക എന്ന ചര്‍ച്ച സജീവമാണ്. ലോകകപ്പ് ടീമുകളില്‍ ഇടംപിടിച്ച സര്‍പ്രൈസ് താരങ്ങളുടെ പ്രകടമാകും ഇതിനേക്കാള്‍ ആവേശത്തോടെ ആരാധകര്‍ കാത്തിരിക്കുന്നത്. ആ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

ടോം ബ്ലെന്‍ഡല്‍

ലോകകപ്പിനുള്ള ടീമിനെ ആദ്യ പ്രഖ്യാപിച്ചത് ന്യൂസീലന്‍ഡാണ്. 28കാരനായ ടോം ബ്ലെന്‍ഡല്‍ ടീമിലിടം പിടിച്ചതായിരുന്നു ശ്രദ്ധേയം. ഇതുവരെ ഏകദിന കുപ്പായമണിയാത്ത താരമാണ് ബ്ലെന്‍ഡല്‍ എന്നതാണ് വലിയ സവിശേഷത.

വിജയ് ശങ്കര്‍

മാസങ്ങളായുള്ള നാലാം നമ്പര്‍ താരത്തിനായുള്ള ചര്‍ച്ചയ്ക്ക് ഒടുവില്‍ ഇന്ത്യയ്ക്ക് ലഭിച്ച ഉത്തരം. 'ത്രീ ഡൈമെന്‍ഷനല്‍' താരം എന്ന് സെലക്‌ടര്‍മാര്‍ വിശേഷിപ്പിച്ചതോടെ ആകാംക്ഷ ഇരട്ടിച്ചു. ഓള്‍റൗണ്ടറായ ശങ്കര്‍ ടീമിലെത്തിയതോടെ പുറത്തായത് നാലാം നമ്പറില്‍ കൂടുതല്‍ പറഞ്ഞുകേട്ട അമ്പാട്ടി റായുഡു

മൊസദേക് ഹൊസൈന്‍

കഴിഞ്ഞ ഏഷ്യാകപ്പില്‍(2018) കളിച്ച താരത്തെ മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിലേക്ക് മടക്കിവിളിക്കുകയായിരുന്നു. 24 ഏകദിനങ്ങളില്‍ 31 ശരാശരിയില്‍ 341 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. എന്നാല്‍ ധാക്കാ പ്രീമിയര്‍ ലീഗില്‍ 48.80 ശരാശരിയില്‍ 488 റണ്‍സ് നേടിയതാണ് താരത്തെ ലോകകപ്പില്‍ ശ്രദ്ധേയമാക്കുന്നത്. 

ഹാമിദ് ഹസന്‍

പരുക്കിനെ തുടര്‍ന്ന് 2016ല്‍ ടീമില്‍ നിന്ന് പുറത്തായ താരത്തെ ലോകകപ്പ് ടീമിലേക്ക് മടക്കിവിളിക്കുകയായിരുന്നു. പരിചയസമ്പത്തും മികച്ച റെക്കോര്‍ഡുമാണ് പേസറെ ലോകകപ്പിലെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.

മിലിന്ദ സിരിവര്‍ദ്ധന

ലോകകപ്പിനുള്ള ടീമിനെ ശ്രീലങ്ക പ്രഖ്യാപിച്ചപ്പോള്‍ നിരവധി അത്ഭുതങ്ങളുണ്ടായിരുന്നു. ഇവയില്‍ 2017ന് ശേഷം ദേശീയ കുപ്പായത്തില്‍ കളിക്കാത്ത താരമാണ് മിലിന്ദ. 26 മത്സരങ്ങളില്‍ സമ്പാദ്യം 513 റണ്‍സ്.