യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ നാലാം നമ്പറില്‍ പരിഗണിക്കണമെന്ന് നേരത്തെയും ആവശ്യമുയര്‍ന്നിരുന്നു. ഇപ്പോള്‍ ഈ ആവശ്യം വീണ്ടും സജീവമായിരിക്കുകയാണ്.  

ദില്ലി: ലോകകപ്പ് ടീമില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷനിലേക്കുള്ള മത്സരം മുറുകുകയാണ്. അമ്പാട്ടി റായുഡു, വിജയ് ശങ്കര്‍, ഋഷഭ് പന്ത് എന്നിങ്ങനെ പല പേരുകളും സജീവ ചര്‍ച്ചയിലുണ്ട്. യുവ താരവും വിക്കറ്റ് കീപ്പറുമായ പന്തിനെ നാലാം നമ്പറില്‍ പരിഗണിക്കണമെന്ന് നേരത്തെയും ആവശ്യമുയര്‍ന്നിരുന്നു. ഇപ്പോള്‍ ഈ ആവശ്യം വീണ്ടും സജീവമായിരിക്കുകയാണ്. 

ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗും പന്തിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ ചേതേശ്വര്‍ പൂജാരയ്ക്കാണ് ദാദ പ്രഥമ പരിഗണന നല്‍കുന്നത്. മികച്ച ബാറ്റ്സ്‌മാന്‍ എന്നതും ഫോമിലാണെന്നതുമാണ് പൂജാരയെ തെരഞ്ഞെടുക്കാന്‍ കാരണം. പൂജാരയ്‌ക്കൊപ്പം ഋഷഭ് പന്തും അമ്പാട്ടി റായുഡുവും നാലാം നമ്പറിന് യോജിച്ച താരങ്ങളാണെന്ന് ദില്ലിയില്‍ ഗാംഗുലി പറഞ്ഞു.

സ്‌പെഷലിസ്റ്റ് ബാറ്റ്സ്‌മാനായി ടീമിലെടുത്ത് പന്തിന് നാലാം നമ്പറില്‍ അവസരം നല്‍കണമെന്നാണ് പോണ്ടിംഗ് പറയുന്നത്. ഇന്ത്യക്ക് ലോകകപ്പ് നേടിത്തരാന്‍ കഴിവുള്ള 'എക്‌സ് ഫാക്‌ടര്‍' ആണ് ഋഷഭ് പന്ത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി മികവ് കാട്ടിയാല്‍ പന്തിന് ലോകകപ്പ് ടീമിലിടം ലഭിക്കുമെന്നുറപ്പാണെന്നും പോണ്ടിംഗ് വ്യക്തമാക്കി. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മുഖ്യ പരിശീലകനാണ് മുന്‍ ഓസീസ് നായകനും ലോകകപ്പ് ജേതാവുമായ റിക്കി പോണ്ടിംഗ്.