ലോകകപ്പ് ഇലവനില്‍ ഇടംകണ്ടെത്താന്‍ കഴിയാതെ പോയ ഋഷഭ് പന്തിന്‍റെ കരിയര്‍ അവസാനിക്കുന്നില്ലെന്നും ഏറെ അവസരങ്ങള്‍ മുന്നിലുണ്ടെന്നും ദാദ.

ദില്ലി: ഇന്ത്യയുടെ ലോകകപ്പ് നാലാം നമ്പര്‍ ചര്‍ച്ചകളില്‍ നിലപാട് വ്യക്തമാക്കി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെയാണ് നാലാം നമ്പറില്‍ ദാദ നിര്‍ദേശിക്കുന്നത്. 

ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലും കാട്ടിയ മികവിന്‍റെ അടിസ്ഥാനത്തിലാണ് വിജയ് ലോകകപ്പ് ടീമിലെത്തിയത്. നാലാം നമ്പര്‍ സ്ഥാനത്തെ ചൊല്ലി ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍ വിജയ് ശങ്കറിന് മികച്ച ടെക്‌നിക്കും ലോകകപ്പ് പോലുള്ള വലിയ വേദിയില്‍ തിളങ്ങാനുള്ള പ്രതിഭയുമുണ്ട്. ഇംഗ്ലണ്ടില്‍ അദേഹത്തിന്‍റെ ബൗളിംഗ് ഗുണകരമാണ്. അതിനാല്‍ വിജയ് ശങ്കറാണ് നാലാം നമ്പറില്‍ നിലവില്‍ ഇന്ത്യയുടെ ചോയ്‌സ് എന്നും ഇതിഹാസ താരം പറഞ്ഞു.

കെ എല്‍ രാഹുലിനെ മൂന്നാം നമ്പറില്‍ ഇറക്കി നായകന്‍ വിരാട് കോലി നാലാമനാകാനുള്ള സാധ്യതകള്‍ ഗാംഗുലി തള്ളിക്കളഞ്ഞു. കോലി നാലാം നമ്പറിലെത്തുമെന്ന് കരുതുന്നില്ല. ടോപ് ഓഡറില്‍ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോലി എന്നിവരാണ് ഇന്ത്യയുടെ കരുത്ത്. ലോകകപ്പ് ഇലവനില്‍ ഇടംകണ്ടെത്താന്‍ കഴിയാതെ പോയ ഋഷഭ് പന്തിന്‍റെ കരിയര്‍ അവസാനിക്കുന്നില്ലെന്നും ഏറെ അവസരങ്ങള്‍ മുന്നിലുണ്ടെന്നും ദാദ കൂട്ടിച്ചേര്‍ത്തു.