ഡക്ക് വർത്ത് നിയമപ്രകാരം 7 റൺസിനാണ് ന്യൂസിലൻസ് ജയിച്ചത്. ഇംഗ്ലണ്ടാകട്ടെ ബംഗ്ലാ കടുവകളെ 77 പന്ത് ബാക്കി നിൽക്കെ തുരത്തിയോടിക്കുകയായിരുന്നു

ദില്ലി: ലോകകപ്പ് സന്നാഹ മത്സരങ്ങളിൽ ന്യൂസിലൻഡിനും ഇംഗ്ലണ്ടിനും വിജയം. കൂറ്റൻ സ്കോറിന് മുന്നിൽ മഴയെ കൂട്ടുപിടിച്ചുള്ള ഡികോക്കിൻ്റെ കടന്നാക്രമണത്തെയും മറികടന്നതാണ് കീവികൾ ജയിച്ചുകയറിയത്. ഡക്ക് വർത്ത് നിയമപ്രകാരം 7 റൺസിനാണ് ന്യൂസിലൻസ് ജയിച്ചത്. ഇംഗ്ലണ്ടാകട്ടെ ബംഗ്ലാ കടുവകളെ 77 പന്ത് ബാക്കി നിൽക്കെ തുരത്തിയോടിക്കുകയായിരുന്നു.

വടക്കൻ കേരളത്തിന് ആശ്വസിക്കാം, പക്ഷേ തെക്കൻ കേരളത്തിന് 'ക്ഷമ വേണം', വരും മണിക്കൂറിലും ഈ ജില്ലകളിൽ മഴ തുടരും

മഴയും ഡിക്കോക്കും ഉയർത്തിയ വെല്ലുവിളി മറികടന്ന് ന്യൂസിലൻഡ്

തിരുവനന്തപുരത്ത് നടന്ന സന്നാഹമത്സരത്തിൽ ന്യൂസിലൻഡ് കൂറ്റൻ സ്കോർ നേടിയിട്ടും 7 റൺസിനാണ് ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത കീവികൾ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 321 റൺസാണ് അടിച്ചുകൂട്ടിയത്. കോൺവേ, ലതാം എന്നിവരുടെ അർധസെഞ്ചുറിയാണ് ന്യൂസിലൻഡിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. കോൺവേ 78 റൺസ് നേടിയപ്പോൾ ലതാം 52 റൺസാണ് അടിച്ചുകൂട്ടിയത്. നായകൻ കെയിൻ വില്യംസൺ 37 റൺസും ഗ്ലെൻ ഫിലിപ്പ് 43 റൺസും ടീമിനായി സമ്മാനിച്ചു. ലുങ്കി എൻങ്കിടിയും മാർകോ ജാൻസണും 3 വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗിൽ മുൻ നായകൻ ഡിക്കോക്ക് തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെ മത്സരം ആവേശകരമായി. മഴ കൂടിയെത്തിയതോടെ വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചു. ഡിക്കോക്ക് 84 റൺസ് നേടി മുന്നിൽ നിന്ന് പട നയിച്ചെങ്കിലും 7 റൺസിന് തോൽക്കാനായിരുന്നു വിധി.

ബംഗ്ലാ കടുവകളെ തുരുത്തി ലോകചാംപ്യൻമാർ

ഇംഗ്ലണ്ട് - ബംഗ്ലാദേശ് മത്സരത്തിലും മഴ കളിച്ചെങ്കിലും ലോക ചാംപ്യൻമാർ കരുത്തുകാട്ടി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 37 ഓവറിൽ 188 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് 77 പന്തുകൾ ബാക്കിനിൽക്കെ ജയം പിടിച്ചെടുക്കുകയായിരുന്നു. ബംഗ്ലാദേശിനായി മെഹ്ദി ഹസൻ 74 റൺസ് നേടി ടോപ് സ്കോറർ ആയപ്പോൾ ഇംഗ്ലണ്ടിൻ്റെ തിരിച്ചടി 39 പന്തിൽ 56 റൺസ് നേടിയ മൊയിൻ അലിയെ മുൻനിർത്തിയായിരുന്നു.