ലണ്ടന്‍: ആഷസ് പരമ്പരയിലെ ആവസാന ടെസ്റ്റില്‍ തോറ്റെങ്കിലും കിരീടം നിലനിര്‍ത്തിയ ഓസ്ട്രേലിയക്ക് പക്ഷെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് നിലയില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ആഷസ് പരമ്പരയിലെ അഞ്ച് ടെസ്റ്റുകളില്‍ ഇംഗ്ലണ്ടും ഓസീസും രണ്ടെണ്ണം വീതം ജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയായി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയന്റ് ക്രമം അനുസരിച്ച് 120 പോയന്റാണ് ഒരു പരമ്പരയില്‍ പരമാവധി നേടാനാവുക. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയാണെങ്കില്‍ ഇത് ഓരോ ടെസ്റ്റിനും 60 പോയന്റ് വീതമായി തുല്യമായി വിഭജിക്കും. അഞ്ച് മത്സര പരമ്പര ആണെങ്കില്‍ ഇത് ഓരോ ടെസ്റ്റിനും 24 പോയന്റ് വീതമാകും. അഞ്ച് മത്സര പരമ്പരയിലെ ഒരു ടെസ്റ്റ് ജയിച്ചാല്‍ 24 പോയന്റും സമനിലയായാല്‍ 12 പോയന്റുമാണ് ലഭിക്കുക.

ഇംഗ്ലണ്ട്-ഓസ്ട്രേലിയ ആഷസ് പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണ് ഉണ്ടായിരുന്നത്. അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയുമായി ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും ഇപ്പോള്‍ 60 പോയന്റ് വീതമാണുള്ളത്. രണ്ട് മത്സരങ്ങളില്‍ 60 പോയന്റുള്ള ന്യൂസിലന്‍ഡ് നിലവില്‍ രണ്ടാമതും ഇതേ പോയന്റുള്ള ശ്രീലങ്ക മൂന്നാമതുമാണ്. 60  പോയന്റ് വീതമുളള ഓസ്ട്രേലിയ നാലാമതും ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തുമാണ്.