അഫ്‌ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്‍റി 20കളുടെ പരമ്പരയിലെ ആദ്യ മത്സരം ശിവം ദുബെയുടെ കരുത്തില്‍ ടീം ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു

മൊഹാലി: അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ട്വന്‍റി 20യിലെ ഓള്‍റൗണ്ട് മികവ് എം എസ് ധോണിക്ക് സമര്‍പ്പിച്ച് ഇന്ത്യന്‍ ബാറ്റര്‍ ശിവം ദുബെ. ഇതാദ്യമായല്ല തന്‍റെ മികച്ച പ്രകടനത്തിന് കാരണക്കാരന്‍ ധോണിയാണ് എന്ന് ദുബെ പ്രശംസിക്കുന്നത്. ഐപിഎല്ലില്‍ ശിവം ദുബെ ചെന്നൈ സൂപ്പര്‍ സൂപ്പര്‍ കിംഗ്‌സില്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ കളിക്കുന്ന താരമാണ്. 

'ഞാന്‍ എം എസ് ധോണിയോട് സംസാരിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അദേഹം മഹാനായ താരവും ഇതിഹാസവുമാണ്. ധോണിയില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. ധോണിയെ ഏറെ നിരീക്ഷിക്കുന്നു. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ എങ്ങനെ ബാറ്റ് ചെയ്യണം എന്ന് ധോണി പറഞ്ഞുതരാറുണ്ട്. ധോണി തന്ന ചില പൊടികൈകള്‍ വിജയിച്ചിട്ടുണ്ട്. മികച്ച താരമാണ് എന്നാണ് എന്നെ കുറിച്ച് ധോണി പറയുന്നത്. അപ്പോള്‍ ഞാന്‍ എന്തായാലും മികച്ച രീതിയില്‍ കളിക്കണമല്ലോ. ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും ഞാന്‍ ശ്രദ്ധപുലര്‍ത്തുന്നുണ്ട്. ബൗളിംഗില്‍ കൂടുതല്‍ അവസരത്തിനായി കാത്തിരിക്കുകയാണ്. ഇന്ന് അവസരം ലഭിച്ചു' എന്നും ദുബെ ഇന്ത്യ-അഫ്‌ഗാനിസ്ഥാന്‍ ആദ്യ ട്വന്‍റി 20ക്ക് ശേഷമുള്ള ഷോയില്‍ ജിയോ സിനിമയില്‍ പറഞ്ഞു. 

ട്വന്‍റി 20 ലോകകപ്പ് സാധ്യത

'ലോകകപ്പില്‍ രാജ്യത്തെ പ്രതിനിധീകരിക്കുക എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ ട്വന്‍റി 20 ലോകകപ്പിനായി ഇനിയുമേറെ സമയമുണ്ട്. അതിലേക്ക് ഘട്ടം ഘട്ടമായി എത്താന്‍ ആഗ്രഹിക്കുന്നു. ഇന്ത്യക്കായി ഒരിടവേളയ്ക്ക് ശേഷം കളിക്കുന്നതും നാലാം നമ്പറില്‍ ഇറങ്ങുന്നതും ചെറിയ സമ്മര്‍ദം തന്നിരുന്നു. എന്നാല്‍ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുമെന്ന് ഉറപ്പിച്ചിരുന്നു. ആദ്യ രണ്ടുമൂന്ന് പന്തുകളില്‍ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ ഇതിന് ശേഷം അക്കാര്യത്തെ കുറിച്ചൊന്നും ആലോചിച്ചില്ല. കൂറ്റന്‍ സിക്‌സറുകള്‍ നേടാനുള്ള കരുത്തുണ്ടെന്ന് എനിക്കറിയാം. അതിനാല്‍ ഏത് സമയവും റണ്‍സ് കണ്ടെത്താനാവും' എന്നും മത്സര ശേഷം ശിവം ദുബെ വ്യക്തമാക്കി. 

അഫ്‌ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്‍റി 20കളുടെ പരമ്പരയിലെ ആദ്യ മത്സരം ശിവം ദുബെയുടെ കരുത്തില്‍ ടീം ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു. അഫ്‌ഗാന്‍ വച്ചുനീട്ടിയ 159 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 15 പന്തുകള്‍ ബാക്കിനില്‍ക്കേ ഇന്ത്യ നേടി. നേരിട്ട അവസാന രണ്ട് പന്തുകളില്‍ സിക്‌സും ഫോറും പറത്തി മത്സരം ഫിനിഷ് ചെയ്ത ദുബെ 40 പന്തില്‍ 60* റണ്‍സുമായി പുറത്താവാതെ നിന്നു. നേരത്തെ ബൗളിംഗില്‍ രണ്ട് ഓവര്‍ എറിഞ്ഞ് 9 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഫ്‌ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാന്‍റെ നിര്‍ണായക വിക്കറ്റും നേടിയ ദുബെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

Read more: നാടകീയ റണ്ണൗട്ട്, ഗില്ലിനെ ദഹിപ്പിച്ച നോട്ടവും വാക്കുകളും; ഒടുവില്‍ മറുപടിയുമായി രോഹിത് ശര്‍മ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം