സിംബാബ്വെക്കെതിരായ ടി20 മത്സരത്തിൽ 81 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെ പക്വതയാർന്ന പ്രകടനത്തെ ഇന്ത്യൻ പരിശീലകൻ വിവിഎസ് ലക്ഷ്മൺ പ്രശംസിച്ചു. താരത്തിന്റെ പഠിക്കാനുള്ള കഴിവിനെയും സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിനെയും പുകഴ്ത്തിയ ലക്ഷ്മൺ, വൈഭവിന്റെ ഫിറ്റ്നസ് ഇനിയും മെച്ചപ്പെടാനുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഹരാരെ: സിംബാബ്വെക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ വൈഭവ് സൂര്യവംശി പുറത്തെടുത്തത് വളരെ പക്വതയാര്‍ന്ന പ്രകടനമാണെന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ വിവിഎസ് ലക്ഷ്മണ്‍. ഓരോ അനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് വേഗത്തില്‍ വളരാനുള്ള പതിനഞ്ചുകാരന്റെ കഴിവാണ് അവന്റെ വേഗതയേറിയ കുതിപ്പിന് കാരണമെന്നും, അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ റെക്കോര്‍ഡുകളും താരം തകര്‍ക്കുമെന്നും ലക്ഷ്മണ്‍ പറഞ്ഞു. ഇന്ത്യ അഞ്ച് വിക്കറ്റിന് 192 റണ്‍സ് എടുത്ത മൂന്നാം ടി20യില്‍ 49 പന്തുകളില്‍ നിന്ന് 81 റണ്‍സാണ് വൈഭവ് നേടിയത്.
ഇംഗ്ലണ്ടിലെ നിരാശാജനകമായ പര്യടനത്തിന് ശേഷമാണ് താരം ഈ മികച്ച തിരിച്ചുവരവ് നടത്തിയത്. വൈഭവിന്റെ ഇന്നിങ്‌സ് അദ്ദേഹത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പക്വതയാണ് കാണിക്കുന്നതെന്ന് ലക്ഷ്മണ്‍ വ്യക്തമാക്കി. ''വളരെ പക്വതയാര്‍ന്ന പ്രകടനം. ഓരോ അനുഭവത്തില്‍ നിന്നും ഓരോ മത്സരത്തില്‍ നിന്നും അവന്‍ കാര്യങ്ങള്‍ ഗ്രഹിക്കുകയും വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മത്സരങ്ങള്‍ മാത്രമല്ല, ഓരോ പരിശീലന സെഷനും അവന്‍ അവലോകനം ചെയ്യാറുണ്ട്.'' ലക്ഷ്മണ്‍ പറഞ്ഞു.
അദ്ദേഹം തുടര്‍ന്നു... ''അവസാന ടി20യില്‍ നമ്മള്‍ കണ്ടത് വളരെ പക്വതയാര്‍ന്ന ഇന്നിങ്‌സാണ്. കാരണം അതൊരു പ്രയാസകരമായ പിച്ചായിരുന്നു. പന്ത് താഴ്ന്നാണ് വന്നത്, പിച്ചും പതുക്കെയായിരുന്നു. സിംബാബ്വെ ബൗളര്‍മാര്‍ നന്നായി പന്തെറിയുകയും അവനെതിരെ ഒരു പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു. ആ പദ്ധതിയെയെല്ലാം താരം മികച്ച രീതിയില്‍ നേരിട്ടു.'' ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു. സിംബാബ്വെ പരമ്പരയിലെ വൈഭവിന്റെ അര്‍ദ്ധശതകങ്ങള്‍ തനിക്ക് അത്ഭുതമായി തോന്നിയിട്ടില്ലെന്ന് ലക്ഷ്മണ്‍ പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സിനൊപ്പം കഴിഞ്ഞ വര്‍ഷം നടത്തിയ മികച്ച ഐപിഎല്‍ അരങ്ങേറ്റത്തില്‍ താരം സമ്മര്‍ദ്ദം കൈകാര്യം ചെയ്ത രീതി ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നഷ്ടപ്പെട്ടതില്‍ വൈഭവ് നിരാശനായിരുന്നുവെന്നും, എന്നാല്‍ ഇത് അവസാനത്തെ അവസരമല്ലെന്നും വലിയൊരു കരിയര്‍ അവനു മുന്നിലുണ്ടെന്നും ടീം അവന് ആത്മവിശ്വാസം നല്‍കിയതായും ലക്ഷ്മണ്‍ വെളിപ്പെടുത്തി. താരത്തിന്റെ മൊത്തത്തിലുള്ള ഫിറ്റ്നസ് ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് ലക്ഷ്മണ്‍ ചൂണ്ടിക്കാണിച്ചു. ഇന്നത്തെ മത്സരത്തില്‍ പരിക്കേറ്റിട്ടും ഫീല്‍ഡില്‍ തുടരാന്‍ താരം ആഗ്രഹിച്ചിരുന്നുവെന്നും, ടീമിനായി എന്ത് സംഭാവനയും നല്‍കാനുള്ള അവന്റെ ആത്മാര്‍ത്ഥതയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

