ധോണിക്ക് പകരം ഞാനായിരുന്നു അന്ന് ക്യപ്റ്റനെങ്കില്‍ രോഹിത്തിനെ ടീമിലെടുക്കുമായിരുന്നു, തുറന്നുപറഞ്ഞ് സെവാഗ്
ലോകകപ്പില്‍ അഫ്ഗാനെതിരെ രോഹിത് സെഞ്ചുറി നേിടിയശേഷമായിരുന്നു സെവാഗ് ഇക്കാര്യം പറഞ്ഞത്. 2011ല്‍ ഞാന്‍ ക്യാപ്റ്റനോ സെലക്ടറോ ആയിരുന്നെങ്കില്‍ ഉറപ്പായും രോഹിത്തിനെ ടീമിലെടുക്കുമായിരുന്നു.

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരിയറിലെ ഏറ്റവും വലിയ ദു:ഖങ്ങളിലൊന്ന് 2011ലെ ഏകദിന ലോകകപ്പ് ടീമില്‍ ഇടം നേടാനാവാതെ പോയതായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറും വീരേന്ദര്‍ സെവാഗും വിരാട് കോലിയും സുരേഷ് റെയ്നയും യുവരാജ് സിംഗുമെല്ലാം അടങ്ങിയ ഇന്ത്യന്‍ ടീമില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്തിരുന്ന രോഹിത്തിന് ഇടമൊരുക്കാന്‍ സെലക്ടര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ അന്ന് മഹേന്ദ്ര സിംഗ് ധോണിക്ക് പകരം താനായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റനെങ്കില്‍ രോഹിത്തിനെ ഉറപ്പായും ലോകകപ്പ് ടീമിലെടുക്കുമായിരുന്നുവെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വീരേന്ദര്‍ സെവാഗ്.
ലോകകപ്പില്‍ അഫ്ഗാനെതിരെ രോഹിത് സെഞ്ചുറി നേിടിയശേഷമായിരുന്നു സെവാഗ് ഇക്കാര്യം പറഞ്ഞത്. 2011ല്‍ ഞാന്‍ ക്യാപ്റ്റനോ സെലക്ടറോ ആയിരുന്നെങ്കില്‍ ഉറപ്പായും രോഹിത്തിനെ ടീമിലെടുക്കുമായിരുന്നു. എന്നാല്‍ അക്കാലത്ത് രോഹിത ഇന്ന് കാണുന്ന രോഹിത് അല്ല. അവന്‍ ചെറുപ്പമായിരുന്നു. പിന്നെ ടീം കോംബിനേഷനില്‍ ആരൊക്കെ വേണമെന്നത് ക്യാപ്റ്റന്‍റെയും സെലക്ടര്‍മാരുടെയും തീരുമാനമാണെന്നും സെവാഗ് ക്രിക് ബസിനോട് പറഞ്ഞു.
ഒരുപക്ഷെ അന്ന് തഴഞ്ഞതാവാം രോഹിത്തിനെ കൂടുതല്‍ സ്ഥിരതയോടെ കളിക്കാനും കൂടുതല്‍ റണ്ണടിച്ചാലെ ടീമിലെത്തു എന്നും ഇനിയൊരു ലോകകപ്പ് നഷ്ടമാകരുതെന്ന തോന്നലുണ്ടാക്കാനും കാരണമായതെന്നും സെവാഗ് പറഞ്ഞു. 2011 ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായ രോഹിത് പക്ഷെ പിന്നീട് 2015ലും 2019ലും കളിച്ചു. ഈ ലോകകപ്പില്‍ ഇന്ത്യയുടെ നായകനുമായി. ഒപ്പം രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡും അഫ്ഗാനെതിരായ സെഞ്ചുറിയോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡും രോഹിത് സ്വന്തം പേരിലാക്കി.
മധ്യനിരയില്‍ ബാറ്റ് ചെയ്തിരുന്ന രോഹിത്തിനെ 2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നായകനായിരുന്ന എം എസ് ധോണിയാണ് ഓപ്പണറായി പരീക്ഷിച്ചത്. ഇതോടെ രോഹിത്തിന്‍റെ തലവര മാറി. രോഹിത് ഓപ്പണറായശേഷം മറ്റൊരു ഓപ്പണറെക്കുറിച്ച് ഇന്ത്യക്ക് ചിന്തിക്കേണ്ടിവന്നിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക