ഇന്ത്യക്കായി കളിച്ച 12 ഏകദിനങ്ങളില്‍ 55.71 ശരാശരിയിലും 104 പ്രഹരശേഷിയിലുമാണ് സഞ്ജു സാംസണ്‍ റണ്‍സടിച്ചു കൂട്ടിയത്.

മുംബൈ: ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനുമുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതുന്ന പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ലോകകപ്പ് ടീമിനെ ഓസ്ട്രേലിയയും പ്രഖ്യാപിച്ചു. എന്നാല്‍ ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളുടെ കാര്യത്തില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഇപ്പോഴും സസ്പെന്‍സ് നിലനിര്‍ത്തുകയാണ്.

ഇതിനിടെ മലയാളി താരം സഞ്ജു സാംസണ്‍ ലോകകപ്പ് ടീമിലെത്താനുള്ള സാധ്യതകള്‍ തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെ എല്‍ രാഹുല്‍ ടീമിലെത്തിയാല്‍ സഞ്ജു സാംസണ് ലോകകപ്പ് ടീമിലിടമുണ്ടാകില്ലെന്ന് ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ കളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് തന്നെ ലോകകപ്പ് ടീമിലോ ഏഷ്യാ കപ്പ് ടീമിലോ സഞ്ജുവിന് ഇടമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ സഞ്ജുവിന് ഇന്ത്യക്കായി കളിക്കാന്‍ ഇനിയും സമയമുണ്ട്. അവന് 32-34 വയസൊന്നും ആയിട്ടില്ലല്ലോ. 28 വയസല്ലെ ആയുള്ളു. അതുകൊണ്ട് ടെന്‍ഷനടിക്കേണ്ട. 28-29 വയസുള്ള കളിക്കാരന്‍റെ കരിയര്‍ തീര്‍ന്നുവെന്ന് ഒരിക്കലും പറയാനാകില്ല.

ബുമ്രയോ ഷമിയോ അല്ല, 15 വര്‍ഷത്തോളം അവന്‍ എന്നെ വെള്ളം കുടിപ്പിച്ചു; ഇന്ത്യന്‍ പേസറെക്കുറിച്ച് ആരോണ്‍ ഫിഞ്ച്

ഏകദിന ലോകകപ്പിന് ശേഷം അടുത്ത വര്‍ഷം ടി20 ലോകകപ്പുണ്ട്. അതുപോലെ നിരവധി പ്രധാന ടൂര്‍ണമെന്‍റുകള്‍ വരാനുണ്ടെന്നും ആകാശ് ചോപ്ര പറഞ്ഞു. ഇന്ത്യക്കായി കളിച്ച 12 ഏകദിനങ്ങളില്‍ 55.71 ശരാശരിയിലും 104 പ്രഹരശേഷിയിലുമാണ് സഞ്ജു റണ്‍സടിച്ചു കൂട്ടിയത്. എന്നാല്‍ രാഹുലും രണ്ടാം വിക്കറ്റ് കീപ്പറായി വിന്‍ഡീസില്‍ തിളങ്ങിയ ഇഷാന്‍ കിഷനും കളിച്ചാല്‍ സഞ്ജുവിന് ലോകകപ്പ് ടീമിലെത്തുക ബുദ്ധിമുട്ടാകും. അടുത്ത മാസം അഞ്ചിന് മുമ്പാണ് ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ടത്. ഈ മാസം അവസാനം തുടങ്ങുന്ന ഏഷ്യാ കപ്പിനുള്ള ടീമിനെ സെലക്ടര്‍മാര്‍ വൈകാതെ പ്രഖ്യാപിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക