ദുബായ്: കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ഏറെ ചര്‍ച്ച വിഷയമായതായിരുന്നു ബാറ്റിംഗ് ലൈനപ്പിലെ ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനം. ലോകകപ്പിന് തൊട്ടു മുമ്പുവരെ നാലാം നമ്പറില്‍ കളിച്ച അംബാട്ടി റായുഡുവിനെ ഒഴിവാക്കി ഓള്‍ റൗണ്ടറായ വിജയ് ശങ്കറെയാണ് സെലക്ടര്‍മാര്‍ ലോകകപ്പ് ടീമിലെടുത്തത്. ത്രീ ഡൈമന്‍ഷന്‍ (ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ്) കളിക്കാരനാണ് വിജയ് ശങ്കറെന്നായിരുന്നു ശങ്കറെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള കാരണമായി ചീഫ് സെലക്ടറായിരുന്ന എം എസ് കെ പ്രസാദ് പറഞ്ഞത്. ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് അപ്രതീക്ഷിത ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യ തോറ്റ് പുറത്താവുകയും ചെയ്തു.

എന്നാല്‍ ലോകകപ്പ് ടീമില്‍ നാലാം നമ്പറില്‍ റായഡു ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യക്ക് ലോകകപ്പ് നേടാനാവുമെന്ന് തുറന്നു പറയുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിലെ സഹതാരം കൂടിയായ സുരേഷ് റെയ്ന. ക്രിക്ക് ബസിന് നല്‍കിയ അഭിമുഖത്തിലാണ് റായുഡുവിന്റെ അഭാവം എങ്ങനെയാണ് ഇന്ത്യയെ ബാധിച്ചതെന്ന് വ്യക്തമാക്കിയത്.


നാലാം നമ്പറില്‍ റായുഡു ഉണ്ടാവണമെന്നായിരുന്നു എന്റെ ആഗ്രഹം. കാരണം അതിന് തൊട്ടു മുമ്പുള്ള ഒന്നരവര്‍ഷത്തോളം ആ സ്ഥാനത്ത് അദ്ദേഹം കഠിനാധ്വാനം ചെയ്ത് സ്ഥാനമുറപ്പിച്ചിരുന്നു. റായുഡു തന്നെയായിരുന്നു നാലാം നമ്പറില്‍ അനുയോജ്യന്‍. റായുഡു ടീമിലുണ്ടായിരുന്നെങ്കില്‍ നമുക്ക് ലോകകപ്പ് ജയിക്കാനാവുമായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ അദ്ദേഹത്തിന്റെ ബാറ്റിംഗ് കാണുമ്പോള്‍ അത് മനസിലാവുമെന്നും റെയ്ന പറഞ്ഞു.

ഏകദിന ലോകകപ്പില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ അഞ്ച് റിസര്‍വ് താരങ്ങളെ പ്രഖ്യാപിച്ചപ്പോഴും അതില്‍ റായുഡു ഉണ്ടായിരുന്നില്ല. സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായി റായുഡുവിന് പകരം മായങ്ക് അഗര്‍വാളിനെയാണ് സെലക്ടര്‍മാര്‍ റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഇടം നല്‍കിയത്. ലോകകപ്പിനിടെ ശിഖര്‍ ധവാന് പരിക്കേറ്റപ്പോള്‍ കെ എല്‍ രാഹുലിനെ ഓപ്പണറാക്കി മധ്യനിരയില്‍ ഋഷഭ് പന്തിനാണ് അവസരം നല്‍കിയത്. എന്നാല്‍ ഋഷഭ് പന്തിനും വിജയ് ശങ്കര്‍ക്കും ലോകകപ്പില്‍ കാര്യമായി തിളങ്ങാനായതുമില്ല. ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ 33കാരനായ റായുഡു ക്രിക്കറ്റില്‍ നിന്ന് വിരമിക്കില്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് തീരുമാനം മാറ്റി തിരിച്ചുവരികയായിരുന്നു.