ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസുതുറന്ന് വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ. രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് രഹാനെ വാചാലനായത്. ക്യാപ്റ്റന്‍സി മാറിയതോടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കാരുടെ ശരീരഭാഷയും മാറിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങള്‍ക്ക് മസാലയാണ് വേണ്ടതെങ്കില്‍ വെറുതെ കുഴിച്ചു നോക്കേണ്ട, നിരാശരാവേണ്ടിവരുമെന്നായിരുന്നു രഹാനെയുടെ മറുപടി.

വിരാട് കോലിയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നായകന്‍. ഭാവിയിലും അങ്ങനെ തന്നെയായിരിക്കും. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ചില സമയങ്ങളില്‍ കളിക്കാര്‍ ഓസ്ട്രേലിയക്കെതിരെ കളിച്ച അതേ ഊര്‍ജ്ജത്തോടെ കളിച്ചിട്ടില്ലായിരിക്കാം. അതു പക്ഷെ ക്യാപ്റ്റന്‍ മാറിയതുകൊണ്ടല്ല. ഇതില്‍ നിന്ന്  മസാല കുഴിച്ചെടുക്കാനാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ നിര്‍ഭാഗ്യവശാല്‍ അത് നിങ്ങള്‍ക്ക് കിട്ടാന്‍ പോവുന്നില്ല. ആദ്യ ടെസ്റ്റില്‍ കളിക്കാരുടെ ശരീരഭാഷ ചിലപ്പോള്‍ മോശമായിരുന്നിരിക്കാം. അതിന് കാരണം, ആദ്യ രണ്ട് ദിവസവും പിച്ചില്‍ നിന്ന് യാതൊരു സഹായവും ലഭിച്ചിരുന്നില്ല എന്നതായിരിക്കാം. മറ്റു പല കാരണങ്ങളുമുണ്ടാകാം.

പൂജാരയുടെ മെല്ലെപ്പോക്കിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെയും വാര്‍ത്താ സമ്മേളനത്തില്‍ രഹാനെ പ്രതിരോധിച്ചു. ഇന്ത്യന്‍ ടീമിലെ ആരും പൂജാരയുടെ മെല്ലെപ്പോക്കിനെ ചോദ്യം ചെയ്തിട്ടില്ല. അതുമാത്രം നോക്കിയാല്‍ മതി. പുറത്തു നിന്നുള്ളവര്‍ പറയുന്ന അഭിപ്രായം ഞങ്ങളെ ബാധിക്കില്ല. ടീമില്‍ പൂജാരയുടെ റോള്‍ എന്താണെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം.

ഓസ്ട്രേലിയയിലും ഇന്ത്യയിലും അദ്ദേഹം കളിച്ച രീതി വളരെ പ്രധാനമാണ്. ഞങ്ങള്‍ അദ്ദേഹത്തെ പൂര്‍ണമായും പിന്തുണക്കുന്നു. 80 ടെസ്റ്റുകള്‍ കളിച്ച പൂജാരക്ക് എങ്ങനെ കളിക്കണമെന്ന് വ്യക്തമായി അറിയാം. ഓസ്ട്രേലിയയില്‍ അദ്ദേഹത്തിന്‍റെ ബാറ്റിംഗിനെ ആരും ചോദ്യം ചെയ്തിട്ടില്ല. ആദ്യ ടെസ്റ്റില്‍ നമുക്ക് പറ്റിയ തെറ്റുകള്‍ തിരുത്തി രണ്ടാം മത്സരത്തിനിറങ്ങാനാണ് ശ്രമിക്കുന്നത്. ചിലസമയം തോല്‍ക്കുമ്പോള്‍ അതിന്‍റെ കാരണം തേടി ഒരുപാട് കുഴിച്ചുനോക്കുന്നത് മോശം അന്തരീക്ഷമുണ്ടാക്കാനെ  കാരണമാകുവെന്നും രഹാനെ പറഞ്ഞു.

കോലിയുടെ അഭാവത്തില്‍ ഓസ്ട്രേലിയയില്‍ ഇന്ത്യയെ നയിച്ച രഹാനെ ഓസീസിനെതിരെ 2-1ന്‍റെ വിജയം സമ്മാനിച്ചു.