ടി20 ലോകകപ്പിന് മുമ്പ് മഴ പെയ്ത ഗ്രൗണ്ടില്‍ പരിശീലനം നടത്തിയാല്‍ കളിക്കാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് പരിശീലന സെഷന്‍ പൂര്‍ണമായും ഉപേക്ഷിച്ചതെന്ന് ബിസിസിഐ വ്യക്തമാക്കി. ഇന്ത്യക്ക്  പിന്നാലെ ഓസ്ട്രേലിയന്‍ ടീമും ഇന്നത്തെ പരിശീലനം ഉപേക്ഷിക്കുകയായിരുന്നു.

നാഗ്പൂര്‍: ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ നാഗ്പൂരില്‍ നടക്കാനിരിക്കെ ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും ഇന്നത്തെ പരിശീലനം മഴമൂലം ഉപേക്ഷിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ഇരു ടീമുകളും പരിശീലനത്തിന് ഇറങ്ങാനിരുന്നത്. എന്നാല്‍ നാഗ്പൂരില്‍ രാവിലെ മുതല്‍ തുടരുന്ന നേരിയ ചാറ്റല്‍ മഴയെത്തുടര്‍ന്ന് പരിശീലന പിച്ചുകള്‍ ഉപയോഗിക്കാന്‍ കഴിയാത്തതിനാലാണ് പരിശീലന സെഷന്‍ പൂര്‍ണമായും ഉപേക്ഷിച്ചതെന്ന് ബിസിസിഐ വ്യക്തമാക്കി.

ടി20 ലോകകപ്പിന് മുമ്പ് മഴ പെയ്ത ഗ്രൗണ്ടില്‍ പരിശീലനം നടത്തിയാല്‍ കളിക്കാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് പരിശീലന സെഷന്‍ പൂര്‍ണമായും ഉപേക്ഷിച്ചതെന്ന് ബിസിസിഐ വ്യക്തമാക്കി. ഇന്ത്യക്ക് പിന്നാലെ ഓസ്ട്രേലിയന്‍ ടീമും ഇന്നത്തെ പരിശീലനം ഉപേക്ഷിക്കുകയായിരുന്നു.

മത്സരം നടക്കുന്ന നാളെ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നാണ് പ്രവചനം. മത്സരത്തിനിടെയോ മുമ്പോ നേരിയ മഴക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഓസ്ട്രേലിയ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. നാളെ നാഗ്പൂരില്‍ നടക്കുന്ന മത്സരം ജയിച്ചാല്‍ ഓസ്ട്രേലിയക്ക് ടി20 പരമ്പര സ്വന്തമാക്കാം.

അയാളെ ലോകകപ്പിന് കൊണ്ടുപോണോ എന്ന് ഇന്ത്യ ആലോചിക്കണം; തുറന്നു പറഞ്ഞ് വസീം ജാഫര്‍

മൊഹാലിയിലേതു പോലെ റണ്‍ മഴ പെയ്യുന്ന പിച്ചായിരിക്കില്ല നാഗ്പൂരിലേതെന്നാണ് സൂചന. പരമ്പരാഗതമായി സ്പിന്നര്‍മാരെ തുണക്കുന്ന പിച്ചാണ് നാഗ്പൂരിലേത്. ഇത് യുസ്‌വേന്ദ്ര ചാഹലിനും അക്സര്‍ പട്ടേലിനും പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. ആദ്യ മത്സരം കളിച്ച ടീമില്‍ ഇന്ത്യ ഉമേഷ് യാദവിന് പകരം ആര്‍ അശ്വിനെ അന്തിമ ഇലവനില്‍ കളിപ്പിക്കാനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്.

ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 208 റണ്‍സടിച്ചിട്ടും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അത് പ്രതിരോധിക്കാനാവാഞ്ഞത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ബാറ്റിംഗ് നിരയില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് നാളെ സാധ്യതയില്ല.