കഴിഞ്ഞ മത്സരത്തില്‍ തുടക്കത്തിലേ വിക്കറ്റ് നഷ്ടമായ കിവീസ് ഇത്തവണ തകര്‍ത്തടിച്ചാണ് തുടങ്ങിയത് ഭുവനേശ്വര്‍കുമാറിന്‍റെ ആദ്യ ഓവറില്‍ രാഹുല്‍ കൈവിട്ടതോടെ ജീവന്‍ ലഭിച്ച മാര്‍ട്ടിന്‍ ഗപ്ടില്‍ 14 റണ്‍സടിച്ചു. നാലോവറില്‍ 42 റണ്‍സിലെത്തി അതിവേഗം കുതിച്ച കിവീസിന് അഞ്ചാം ഓവറില്‍ മാര്‍ട്ടിന്‍ ഗപ്ടിലിനെ നഷ്ടമായി.

റാഞ്ചി: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ (IND v NZ) ഇന്ത്യക്ക് 154 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. തുടക്കത്തില്‍ അടിച്ചുതകര്‍ത്ത് മുന്നേറിയ കിവീസിനെ ബൗളര്‍മാരിലൂടെ എറിഞ്ഞു പിടിച്ചാണ് ഇന്ത്യ അവരെ 153 റണ്‍സിലൊതുക്കിയത്.പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സിലെത്തിയ ന്യൂസിലന്‍ഡിനെ മധ്യ ഓവറുകളിലും അവസാന ഓവറുകളിലുമാണ് ഇന്ത്യ വരിഞ്ഞു മുറുക്കിയത്. 34 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സ്(Glenn Phillips) ആണ് കിവീസിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ഹര്‍ഷല്‍ പട്ടേല്‍(Harshal Patel) രണ്ട് വിക്കറ്റ് വീഴത്തി അരങ്ങേറ്റം ഗംഭീരമാക്കി.

അടിച്ചുതകര്‍ത്ത് തുടക്കം

കഴിഞ്ഞ മത്സരത്തില്‍ തുടക്കത്തിലേ വിക്കറ്റ് നഷ്ടമായ കിവീസ് ഇത്തവണ തകര്‍ത്തടിച്ചാണ് തുടങ്ങിയത് ഭുവനേശ്വര്‍കുമാറിന്‍റെ ആദ്യ ഓവറില്‍ രാഹുല്‍ കൈവിട്ടതോടെ ജീവന്‍ ലഭിച്ച മാര്‍ട്ടിന്‍ ഗപ്ടില്‍ 14 റണ്‍സടിച്ചു. നാലോവറില്‍ 42 റണ്‍സിലെത്തി അതിവേഗം കുതിച്ച കിവീസിന് അഞ്ചാം ഓവറില്‍ മാര്‍ട്ടിന്‍ ഗപ്ടിലിനെ നഷ്ടമായി. കഴിഞ്ഞ മത്സരത്തിന്‍റെ തനിയാവര്‍ത്തനം പോലെ ദീപക് ചാഹറിനെ സിക്സറിന് പറത്തിയ ഗപ്ടിലിനെ അടുത്ത പന്തില്‍ ചാഹര്‍ ബൗണ്‍സറിലൂടെ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് പ്രതികാരം തീര്‍ത്തു. 15 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സും പറത്തിയ ഗപ്ടില്‍ 31 റണ്‍സെടുത്ത് പുറത്തായി.

Scroll to load tweet…

തിരിച്ചുപിടിച്ച് ഇന്ത്യ

പിന്നീടെത്തിയ മാര്‍ക്ക് ചാപ്മാന്‍ ഡാരില്‍ മിച്ചലിന് മികച്ച പിന്തുണ നല്‍കിയതോടെ പവര്‍ പ്ലേയില്‍ കിവീസ് 64 റണ്‍സടിച്ചു. അശ്വിനും അക്സറും പന്തെറിയാനെത്തിയതോടെ സ്കോറിംഗ് വേഗം കുറഞ്ഞ ന്യൂസിലന്‍ഡിനെ ക്യാച്ചുകള്‍ കൈവിട്ട് ഇന്ത്യന്‍ പീല്‍ഡര്‍മാരും സഹായിച്ചു. 28 പന്തില്‍ 31 റണ്‍സെടുത്ത മിച്ചലിനെ പുറത്താക്കി ഹര്‍ഷല്‍ പട്ടേല്‍ ആദ്യ അന്താരാഷ്ട്ര വിക്കറ്റെടുത്തപ്പോള്‍ കിവീസ് സ്കോര്‍ 79 റണ്‍സിലെത്തിയിരുന്നു.തൊട്ടുപിന്നാലെ ചാപ്‌മാനെ(21) അക്സര്‍ മടക്കിയെങ്കിലും ഗ്ലെന്‍ ഫിലിപ്സ് തകര്‍ത്തടിച്ചതോടെ കിവീസ് സ്കോറിന് വീണ്ടും ഗതിവേഗം ലഭിച്ചു.

പതിനാറാം ഓവറില്‍ ടിം സീഫര്‍ട്ടിനെ(13) മടക്കി അശ്വിന്‍ കിവീസ് കുതിപ്പിന് തടയിട്ടു.പതിനേഴാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്സിനെ(21 പന്തില്‍ 34) ഹര്‍ഷല്‍ പട്ടേലും വീഴ്ത്തി. പതിനെട്ടാം ഓവറില്‍ ജിമ്മി നീഷാമിനെ(1) ഭുവനേശ്വര്‍കുമാര്‍ വീഴ്ത്തിയതോടെ അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാമെന്ന കിവീസ് മോഹം പൊലിഞ്ഞു. പതിനാറാം ഓവറില്‍ 128-4 ലെത്തിയ കിവീസിന് അവസാന നാലോവറില്‍ 25 റണ്‍സടിക്കാനെ കഴിഞ്ഞുള്ളു.

ഇന്ത്യക്കായി ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അക്സര്‍ പട്ടേല്‍ നാലോവറില്‍ 26 റണ്‍സിനും അശ്വിന്‍ നാലോവറില്‍ 19 റണ്‍സിനും ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 39 റണ്‍സിനും ഓരോ വിക്കറ്റെടുത്തു. ആദ്യ രണ്ടോവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത ഭുവനേശ്വര്‍കുമാര്‍ അവസാന രണ്ടോവറില്‍ ശക്തമായി തിരിച്ചുവന്നത് ഇന്ത്യക്ക് തുണയായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ദീപക് ചാഹര്‍ 40 റണ്‍സിലേറെ വഴങ്ങി. വെങ്കടേഷ് അയ്യര്‍ ഇന്നും പന്തെറിഞ്ഞില്ല.