Asianet News MalayalamAsianet News Malayalam

IND v NZ| തിരികൊളുത്തി രോഹിത്തും സൂര്യകുമാറും, ഫിനിഷ് ചെയ്ത് പന്ത്; കിവീസിനെതിരെ ഇന്ത്യക്ക് ആവേശജയം

ഡാരില്‍ മിച്ചലിന്‍റെ ആദ്യ പന്ത് വൈഡായി. രണ്ടാം പന്ത് നേരിട്ട അരങ്ങേറ്റക്കാരന്‍ വെങ്കടേഷ് അയ്യര്‍(Venkatesh Iyer) ബൗണ്ടറിയടിച്ച് തുടങ്ങി. ഇതോടെ ജയത്തിലേക്ക് അഞ്ച് പന്തില്‍ അഞ്ച് റണ്‍സ്. അടുത്ത പന്തില്‍ വെങ്കടേഷ് അയ്യര്‍ പുറത്ത്. പകരമെത്തിയ അക്സര്‍ പട്ടേലിനെതിരെ ഡാരില്‍ മിച്ചല്‍ വീണ്ടും വൈഡ് എറിഞ്ഞു, ജയത്തിലേക്ക് നാലു പന്തില്‍ നാലു റണ്‍സ്.

IND v NZ: India beat New Zealand  by 5 wickets to 1-0 lead in the series
Author
Jaipur, First Published Nov 17, 2021, 11:05 PM IST

ജയ്പൂര്‍: ടി20 പരമ്പരയിലെ(IND v NZ) ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്‍റെ ആവേശജയം. ആവേശം അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 165 റണ്‍സ്  വിജയലക്ഷ്യം രണ്ട് പന്തും അഞ്ച് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ മറികടന്നത്. റിഷഭ് പന്തും(Rishabh Pant) ശ്രേയസ് അയ്യരും(Shreyas Iyer) ക്രീസില്‍ നില്‍ക്കെ ജയത്തിലേക്ക് അവസാന രണ്ടോവറില്‍ 16 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. പത്തൊമ്പതാം ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി കിവീസ് ക്യാപ്റ്റന്‍ ടിം സൗത്തി(Tim Southee) അവസാന പന്തില്‍ ശ്രേയസ് അയ്യരെ പുറത്താക്കിയതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. ജയത്തിലേക്ക് അവസാന ഓവറില്‍ ഇന്ത്യക്ക് വേണ്ടത് 10 റണ്‍സ്.

ഡാരില്‍ മിച്ചലിന്‍റെ ആദ്യ പന്ത് വൈഡായി. രണ്ടാം പന്ത് നേരിട്ട അരങ്ങേറ്റക്കാരന്‍ വെങ്കടേഷ് അയ്യര്‍(Venkatesh Iyer) ബൗണ്ടറിയടിച്ച് തുടങ്ങി. ഇതോടെ ജയത്തിലേക്ക് അഞ്ച് പന്തില്‍ അഞ്ച് റണ്‍സ്. അടുത്ത പന്തില്‍ വെങ്കടേഷ് അയ്യര്‍ പുറത്ത്. പകരമെത്തിയ അക്സര്‍ പട്ടേലിനെതിരെ ഡാരില്‍ മിച്ചല്‍ വീണ്ടും വൈഡ് എറിഞ്ഞു, ജയത്തിലേക്ക് നാലു പന്തില്‍ നാലു റണ്‍സ്. അടുത്ത പന്തില്‍ അക്സറിന്‍റെ സിംഗിള്‍. നാലാം പന്ത് ലോംഗ് ഓഫ് ബൗണ്ടറി കടത്തി റിഷഭ് പന്ത് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി. 40 പന്തില്‍ 62 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 36 പന്തില്‍ 48 റണ്‍സെടുത്തു. സ്കോര്‍ ന്യൂസിലന്‍ഡ് 20 ഓവറില്‍ 165-5, ഇന്ത്യ 19.4 ഓവറില്‍ 166-5.

തുടക്കത്തില്‍ കത്തിക്കയറി

ഓപ്പണിംഗ് വിക്കറ്റില്‍ രാഹുല്‍(KL Rahul) രോഹിത്(Rohit Sharma) സഖ്യം അഞ്ചോവറില്‍ 50 റണ്‍സടിച്ച് ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. എന്നാല്‍ ആറാം ഓവറില്‍ ഇന്ത്യക്ക് രാഹുലിനെ(14 പന്തില്‍ 15) നഷ്ടമായി. സാന്‍റ്നര്‍ക്കായിരുന്നു വിക്കറ്റ്. പകരമെത്തിയ സൂര്യകുമാര്‍ യാദവും മോശമാക്കിയില്ല. രോഹിത്തിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ സൂര്യകുമാര്‍  ഇന്ത്യയെ 12-ാം ഓവറില്‍ 100 കടത്തി. പതിനാലാം ഓവറില്‍ അര്‍ധസെഞ്ചുറിക്ക് അരികെ രോഹിത്(36 പന്തില്‍ 48) മടങ്ങുമ്പോള്‍ ഇന്ത്യക്ക് ജയത്തിലേക്ക് ആറോവറില്‍ 50 റണ്‍സ് മതിയായിരുന്നു. രോഹിത് മടങ്ങഇയതിന് പിന്നാലെ സൂര്യകുമാര്‍ ആക്രമണം ഏറ്റെടുത്തതോടെ ഇന്ത്യ അനായാസം ലക്ഷ്യത്തിലേക്ക് കുതിച്ചു.

അവസാനം കിതച്ചു

അവസാന നാലോവറില്‍ ജയത്തിലേക്ക് 23 റണ്‍സ് മാത്രം മതിയായിരുന്ന ഇന്ത്യക്ക് ബോള്‍ട്ട് എറിഞ്ഞ പതിനേഴാം ഓവറില്‍ നേടായാത് രണ്ട് റണ്‍സ് മാത്രം. സൂര്യകുമാറിന്‍റെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. 40 പന്തില്‍ ആറ് ഫോറും നാല് സിക്സും പറത്തിയാണ് സൂര്യകുമാര്‍ 62 റണ്‍സടിച്ചത്. സൂര്യകുമാര്‍ മടങ്ങിയതിനുശേഷം താളം കണ്ടെത്താന്‍ പാടുപെട്ട റിഷബ് പന്തും ശ്രേയസ് അയ്യരും ഇന്ത്യക്ക് സമ്മര്‍ദ്ദ നിമിഷങ്ങള്‍ സമ്മാനിച്ചെങ്കിലും ഒടുവില്‍ പന്തിന്‍റെ മനസാന്നിധ്യം ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു.

എട്ട് പന്തില്‍ അഞ്ച് റണ്‍സെടുത്ത ശ്രേയസ് നിരാശപ്പെടുത്തിയപ്പോള്‍ അവസാന ഓവറില്‍ നിര്‍ണായക ബൗണ്ടറി നേടിയ വെങ്കടേഷ് അയ്യര്‍ അരങ്ങേറ്റം മോശമാക്കിയില്ല. പന്ത് 17 പന്തില്‍ 17 റണ്‍സുമായും അക്സര്‍ പട്ടേല്‍ ഒരു പന്തില്‍ ഒരു റണ്ണുമായും പുറത്താകാതെ നിന്നു. ന്യൂസിലന്‍ഡിനായി ട്രെന്‍ന്‍റ് ബോള്‍ട്ട് 31 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ സാന്‍റനറും ഡാരില്‍ മിച്ചലും ഓരോ വിക്കറ്റെടുത്തു.

നേരത്തെ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെയും(Martin Guptill) മാര്‍ക്ക് ചാപ്മാന്‍റെയും(Mark Chapman) അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 42 പന്തില്‍ 70 റണ്‍സടിച്ച ഗപ്ടിലാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. വണ്‍ ഡൗണായി എത്തിയ ചാപ്മാന്‍ 50 പന്തില്‍ 63 റണ്‍സെടുത്തു. ഇന്ത്യക്കായി അശ്വിന്‍(Ravichandran Ashwin) രണ്ട് വിക്കറ്റെടുത്തു.

Follow Us:
Download App:
  • android
  • ios