ഇന്ത്യക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച ഓപ്പണിംഗ് സഖ്യമാണ് രാഹുല്‍-രോഹിത് സഖ്യമെന്ന് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ.

റാഞ്ചി: ടി20 പരമ്പരയിലെ(IND v NZ) രണ്ടാം മത്സരത്തില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുകയാണ്. ആദ്യ മത്സരത്തിലെ ആവേശജയത്തോടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തിയ ഇന്ത്യ പരമ്പര സ്വന്തമാക്കാനാണ് നാളെ എം എസ് ധോണിയുടെ നാട്ടിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമിട്ടത് രോഹിത് ശര്‍മ- കെ എല്‍ രാഹുല്‍(Rohit-Rahul) ഓപ്പണിംഗ് സഖ്യമായിരുന്നു. ആദ്യ അഞ്ചോവറില്‍ 50 റണ്‍സടിച്ച ഇരുവരും ചേര്‍ന്നാണ് ഇന്ത്യയുടെ വിജയത്തിന്‍റെ അടിത്തറയിട്ടത്.

ഇന്ത്യക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച ഓപ്പണിംഗ് സഖ്യമാണ് രാഹുല്‍-രോഹിത് സഖ്യമെന്ന് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ(Ajay Jadeja). കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇരുവരും പലപ്പോഴും ഒരുമിച്ച് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തിട്ടുണ്ടെങ്കിലും ദീര്‍ഘകാലം ഓപ്പണിംഗ് സഖ്യമായിരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. പലപ്പോഴും ശിഖര്‍ ധവാന്‍ വരുമ്പോള്‍ രാഹുല്‍ മധ്യനിരയിലേക്ക് മാറും. അല്ലെങ്കില്‍ രോഹിത് മാറുമ്പോള്‍ ഇഷാന്‍ കിഷന്‍ ഓപ്പണറാകും.

എന്നാല്‍ ഇന്ന് ഇന്ത്യക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ഓപ്പണിംഗ് സഖ്യത്തില്‍ വിശ്വാസമര്‍പ്പിച്ച് അവരെ തുടരാന്‍ അനുവദിക്കുകയാണ് ഇന്ത്യയുടെ പുതിയ ടീം മാനേജ്മെന്‍റ് ചെയ്യേണ്ടതെന്ന് ജഡേജ ക്രിക് ബസിനോട് പറഞ്ഞു. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പരയില്‍ മാത്രമല്ല, വലിയ ടൂര്‍ണമെന്‍റുകളിലും ഇരുവരെയും ഓപ്പണറാക്കി കളിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും ജഡേജ പറഞ്ഞു.

ഓപ്പണിംഗ് സഖ്യത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ ഇരുവരെയും തുടരാന്‍ അനുവദിക്കു. ടി20 ലോകകപ്പില്‍ ഇഷാന്‍ കിഷനെ ഓപ്പണറാക്കിയതുപോലുള്ള പരീക്ഷണങ്ങള്‍ നടത്താതിരിക്കു. കാരണം ഇരുവരും ബാറ്റ് ചെയ്യുന്നത് കാണാന്‍ തന്നെ സന്തോഷമാണ്. കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷമായി ഇരുവരും ഓപ്പണിംഗില്‍ പലപ്പോഴായി ഇന്ത്യക്കായി കളിച്ചിട്ടുണ്ടെങ്കിലും അവരില്‍ നമ്മള്‍ വിശ്വാസം അര്‍പ്പിച്ചിരുന്നില്ല. അവര്‍ കളിക്കുന്നത് വേറൊരു തലത്തിലുള്ള ക്രിക്കറ്റാണെന്നും ജഡേജ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരെ ഓപ്പണറായി ഇറങ്ങിയ രോഹിത് 36 പന്തില്‍ 48 റണ്‍സടിച്ചപ്പോള്‍ രാഹുല്‍ 14 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഇരുവരും ഓപ്പണര്‍ സ്ഥാനത്ത് പന്ത്രണ്ടാം തവണയാണ് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കുന്നത്. 26 തവണ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്ത ഇരുവരും ചേര്‍ന്ന് 1418 റണ്‍സടിച്ചിട്ടുണ്ട്.